കാസർകോട്: മതമൈത്രിയുടെ സ്നേഹം പഠിപ്പിച്ചൊരു സഹനയാത്ര. കന്യാകുമാരിയിൽനിന്ന് മഞ്ചേശ്വരത്തേക്കാണ് തൃശൂർ സ്വദേശി ഹാരിസ് രാജിന്റെ അത്യപൂർവ സന്ദേശങ്ങളുയർത്തിയുള്ള യാത്ര.
ജനുവരി ഒന്നിന് കന്യാകുമാരിയിലെ ത്രിവേണി സംഗമ സ്ഥലത്തുനിന്ന് കാൽനടയായി തുടങ്ങിയ യാത്ര ജൂണിലാണ് മഞ്ചേശ്വരത്ത് ലക്ഷ്യംകണ്ടത്. സാമൂഹിക ചുറ്റുപാടിൽ നടക്കുന്ന തിന്മകൾക്കെതിരെ മാനവ സൗഹൃദത്തിന്റെ സ്നേഹമൂട്ടിയാണ് കഠിനമായ ഈ യാത്ര ഹാരിസ് രാജ് പൂർത്തിയാക്കിയത്.
യാത്രയിലുടനീളം മതമൈത്രിയുടെ സന്ദേശം ഓഡിയോ രൂപത്തിലാക്കി ജനങ്ങളെ കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. മൂന്നു മതത്തിലെയും ഗ്രന്ഥങ്ങളിലെ പ്രധാന സൂക്തങ്ങൾ ഒരു പുസ്കമാക്കി ‘സത്യവേദസാരങ്ങൾ’ എന്നപേരിൽ പുറത്തിറക്കി അതും യാത്രയിൽ ആവശ്യക്കാർക്ക് കൊടുക്കുന്നുണ്ട്.
മതങ്ങൾ തമ്മിൽ പലകാര്യങ്ങൾക്കും മത്സരിക്കുന്നതും കലഹിക്കുന്നതും കണ്ടുമടുത്താണ് ഇങ്ങനെയൊരു യജ്ഞത്തിന് മുതിർന്നതെന്നും എല്ലാ മതത്തിലെയും വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നത് ഒന്നാണെന്നും മനുഷ്യനന്മയും സ്നേഹവുമാണ് എല്ലാറ്റിന്റെയും ആകത്തുകയെന്നും ഹാരിസ് രാജ് പറയുന്നു. ‘സത്യവേദസാരങ്ങൾ’ കോവിഡ് കാലത്താണ് എഴുതാനാരംഭിച്ചത്.
എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായും വ്യക്തമായും 1008ഓളം പേജുകളിലായി നാലര വർഷമെടുത്താണ് പുസ്തകം തയാറാക്കിയത്. ഭഗവദ്ഗീതയും ബൈബിളും ഖുർആനും പ്രവാചക വചനങ്ങളും സ്മൃതികളും ഉപനിഷത്തുക്കളും മഹദ്വചനങ്ങളും ഉൾക്കൊള്ളിച്ച ‘സത്യവേദസാരങ്ങൾ’ പുസ്തകത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഇനിയെങ്കിലും മതങ്ങളെ ഉപയോഗിച്ചുള്ള സ്പർധയും വർഗീയതയും ഒഴിവാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ പുസ്തകം വായിച്ചൊരാൾക്ക് അതിന് കഴിയുമെന്നും ഇതെഴുതിയപ്പോൾ ആദ്യം എതിർപ്പുണ്ടായിരുന്നുവെന്നും ഒരു പ്രവർത്തനത്തിന് ആയിരം പ്രാർഥനകളേക്കാൾ ശക്തിയുണ്ടെന്നും ഹാരിസ് രാജ് പറയുന്നു.
മെക്കാനിക്കൽ എൻജിനീയറായ ഹാരിസ് ലീവെടുത്താണ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്.
എല്ലാ പിന്തുണയുമായി അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. തന്റെ പുസ്തകത്തിന്റെ പുറംചട്ട മാതൃകയിലുള്ള കൂറ്റൻ ബോർഡ് ഇരുമ്പുചാനലിൽ ടയർ ഘടിപ്പിച്ച് അതും വലിച്ചാണ് കേരളത്തിന്റെ തെക്കേയറ്റത്തുനിന്ന് വടക്കേയറ്റത്തേക്ക് ഇദ്ദേഹം സഹനയാത്ര നടത്തിയത്. തൃശൂർ മണ്ണുത്തിയിലാണ് താമസം. ഭാര്യ റോജ. മക്കൾ ആദിൻ, അയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.