കാസർകോട്: ജില്ലയിലെ വിവിധ റോഡുകളിലെ അപകടക്കുഴികള്‍ അടക്കാന്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ നല്കിയ നിർദേശം പരിഗണിച്ച് മൂന്നു മണിക്കൂറിനകം കുഴികള്‍ നികത്തി. ചെര്‍ക്കള ടൗണില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ കുഴി കേരള റോഡ് ഫണ്ട് ബോര്‍ഡ് എൻജിനീയര്‍മാരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചക്ക് അടച്ചു.
ചെര്‍ക്കള കല്ലടുക്ക റോഡിലെ കുഴികളും അടച്ചു ഗതാഗത യോഗ്യമാക്കി. മേല്‍പ്പറമ്പ് ജങ്ഷന് സമീപം റീടാറിങ് ഇളകി രൂപപ്പെട്ട കുഴി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ അടച്ചു.
ചെര്‍ക്കള - കല്ലടുക്ക റോഡിന്റെ നിര്‍മാണ പ്രവൃത്തി നടത്തിയ കരാറുകാരന് കുഴികള്‍ അടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ.ആര്.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. കളനാട് ജുമാ മസ്ജിദിന് സമീപം റോഡിലെ കുഴി അടച്ചു. ഈ റോഡില്‍ മണ്ണ് ഉയർന്നു നില്ക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കി ഗതാഗത യോഗ്യമാക്കി. കാസര്‍കോട് പ്രസ് ക്ലബ് ജങ്ഷന് സമീപം അപകടം നടന്ന് വിദ്യാര്‍ഥിനി മരിച്ച സ്ഥലത്തെ കുഴിയും അടച്ചു. മറ്റ് കുഴികള്‍ നികത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
കാഞ്ഞങ്ങാട് - കാസര്‍കോട് സംസ്ഥാന പാതയിലെ കുഴികള്‍ മഴയുടെ ശക്തി കുറയുന്നതോടെ പൂര്‍ണമായും അടക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. പള്ളിക്കര മേല്‍പാലത്തിനും ചന്ദ്രഗിരിപാലത്തിനും മുകളില്‍ രൂപപ്പെട്ട കുഴികള്‍ നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ചെര്‍ക്കള - ജാല്‍സൂര്‍ പാതയില്‍ ചെര്‍ക്കള മുതല്‍ കെ.കെ. പുറം വരെയുള്ള ഭാഗത്തുള്ള കുഴികള്‍ നികത്തുന്ന പ്രവൃത്തി അടുത്ത ദിവസം പൂര്‍ത്തീകരിക്കും.
റോഡിലെ അപകടക്കുഴികള്‍ സംബന്ധിച്ച വാര്‍ത്തകൾ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. അപകടമരണം ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാന റോഡുകളിലെ കുഴികള്‍ അടിയന്തരമായും അടച്ച് ഫോട്ടോ സഹിതം ബുധനാഴ്ച വൈകീട്ട് മൂന്നിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ നിർദേശം നല്‍കിയിരുന്നു.
തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ കേരള റോഡ്സ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടിവ് എൻജിനീയര്‍ പ്രദീപ് കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ വി. മിത്ര, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയര്‍ സുജിത്ത്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍മാരായ കെ. രാജീവന്, പ്രകാശന് പള്ളിക്കുടിയന്‍, കെ.എസ്.ടി.പി അസി.എൻജിനീയര്‍ സി. ധന്യ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.