കാഞ്ഞങ്ങാട്: എടത്തോട് ടൗണിൽ പ്രവർത്തിക്കുന്ന ഓയിൽ മിൽ സ്ഥാപനത്തിൽ വൻതീപിടിത്തം. ഉപകരണങ്ങളടക്കം പൂർണമായും കത്തിനശിച്ചതിനാൽ 23 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എടത്തോട് ജുമാമസ്ജിദ് വക ടൗണിൽ പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സിൽ ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പരപ്പ കനകപ്പള്ളിയിലെ റഷീദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന യാസീൻ ഓയിൽ ഫ്ലവർ മിൽ സ്ഥാപനമാണ് പൂർണമായും കത്തിനശിച്ചത്. പതിനഞ്ചു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. പൊടിക്കാനായി കൊണ്ടുവന്ന ധാന്യ വസ്തുക്കളും മൂന്നു ക്വിൻറലിലേറെ തൂക്കംവരുന്ന കൊപ്രയും എണ്ണകളും കത്തിനശിച്ചവയിൽ ഉൾപ്പെടും. കെട്ടിടവും ഭാഗികമായി കത്തിയെരിഞ്ഞു.
കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് തീപിടിത്തം കണ്ട് ജുമാ മസ്ജിദ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി ഒരു മണിക്കൂറിലേറെനീണ്ട പരിശ്രമത്തിൽ തീ അണക്കുകയായിരുന്നു. കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് സംഘവും എത്തിയിരുന്നു.
തീപിടിത്ത കാരണം വ്യക്തമല്ല. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി നല്ല നിലയിൽ പ്രവർത്തിക്കുന്ന മില്ലിൽ ഏറ്റവും നല്ല ഉപകരണങ്ങൾ ഉപയോഗിച്ചാണ് ധാന്യങ്ങൾ പൊടിക്കാറുള്ളത്. അതുകൊണ്ടുതന്നെ ദൂരെ ദിക്കിൽ നിന്ന് പോലും ധാരാളം ആളുകൾ ഇവിടെനിന്നാണ് ധാന്യങ്ങൾ പൊടിക്കാറുള്ളത്. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് തീപിടിത്തകാരണമെന്നു പറയുന്നുണ്ടെങ്കിലും ദുരൂഹത ഉയർന്നിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.