കാസർകോട്: ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വേ നീലേശ്വരം നഗരസഭയിലെ പേരോല്‍ വില്ലേജിലാണ് തുടങ്ങിയത്. സംസ്ഥാനത്ത് രണ്ടാംഘട്ട സര്‍വേ നടപടികള്‍ ആരംഭിക്കുന്ന ആദ്യ വില്ലേജാണ് പേരോല്‍. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റല്‍ സര്‍വേയിലൂടെ വില്ലേജ് പരിധിയിലെ സര്‍ക്കാര്‍ സ്വകാര്യ ഭൂമി അളന്ന് തിട്ടപ്പെടുത്തും. സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ക്ക് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്താനാവും.
രണ്ടാം ഘട്ട സര്‍വേയുടെ ഉദ്ഘാടനം പേരോല്‍ വില്ലേജിലെ ചിറപ്പുറത്ത് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, നീലേശ്വരം നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ടി.പി. ലത, പി. ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ കെ.വി. ശശികുമാര്‍, കെ. ജയശ്രീ, കെ. മോഹനന്, വി.വി. സതി, സര്‍വേ സൂപ്രണ്ട് കെ. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ആസിഫ് അലിയാര് സ്വാഗതവും കെ.പി. ഗംഗാധരന് നന്ദിയും പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 18 വില്ലേജുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ നീലേശ്വരം നഗരസഭയിലെ പേരോല്‍, ഉദുമ പഞ്ചായത്തിലെ ബാര, മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ വില്ലേജുകളില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് ജില്ലയില്‍ ആദ്യഘട്ട ഡിജിറ്റല്‍ സര്‍വേക്ക് തുടക്കമിട്ടത്. 18 വില്ലേജുകളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്. കാസര്‍കോട് , മഞ്ചേശ്വരം താലൂക്കുകളിലെ മുട്ടത്തൊടി, തളങ്കര, കളനാട്, അടുക്കത്ത്ബയല്‍, ചെമ്മനാട്, കാസര്‍കോട്, ചെങ്കള, ബഡാജെ, ആരിക്കാടി, ഷിറിയ, ബൊംബ്രാണ, ഹൊസബെട്ടു, ബങ്കര മഞ്ചേശ്വര്, കടമ്പാര്‍, കുളൂര്‍, മൂടംബയല്, മജിബയല്‍ വില്ലേജുകളില്‍ സര്‍വേ നടപടികള്‍ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. മഞ്ചേശ്വരം താലൂക്കിലെ ഉജാര്‍-ഉള്‍വാര്‍ വില്ലേജില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറിക്കഴിഞ്ഞു. ഡിജിറ്റല്‍ സര്‍വേ ചെയ്ത ഭൂമിയുടെ വിവരങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. സര്‍വേ സംബന്ധിച്ച് പരാതികള്‍ ഓണ്‍ലൈന്‍ ആയി നല്‍കാനുള്ള സൗകര്യവും ഉണ്ട്. മുപ്പത് ദിവസത്തെ സമയം അനുവദിച്ചതിന് ശേഷം സര്‍വേ വിവരങ്ങള്‍ അന്തിമമാക്കി പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറും.
ഡിജിറ്റല്‍ ഭൂസര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യൂലാന്ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), പേള്‍ (പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന് ഓഫ് രജിസ്ട്രേഷന് ലോസ്), ഇ-മാപ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്, സര്‍വേ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും. ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തുവരുന്ന റവന്യൂ, രജിസ്ട്രേഷന്, സര്‍വേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും സാധിക്കും. പൊതുജനങ്ങള്‍ക്ക് പല ഓഫിസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും. വസ്തു പോക്കുവരവ് വളരെ വേഗത്തിലാക്കാനും ഡോക്യുമെന്റേഷന് ജോലികള്‍ വളരെ വേഗത്തില്‍ നടത്താനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.