കാസർകോട്: വാർഡുകളുടെ പുനർനിർണയ വിജ്ഞാപനമിറങ്ങിയതോടെ ജില്ലയിൽ പഞ്ചായത്തുകളിൽ കൂടിയത് 83 വാർഡുകൾ. മുമ്പ് 642 ആയിരുന്നു ഉണ്ടായിരുന്നത്. പുനർ നിർണയത്തോടെ അത് 725 ആയി വർധിച്ചു. 2010ലാണ് ഒടുവിൽ വാർഡ് പുനർനിർണയം നടത്തിയിരുന്നത്. 2020ൽ പുനർ നിർണ ഒരുക്കം ഉണ്ടായെങ്കിലും കോവിഡ് കാരണം നീണ്ടു.
മുമ്പ് ഓരോ സർക്കാറുകർ ഭരിക്കുമ്പോൾ അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വാർഡ് നിർണയം നടത്തിയിരുന്നെങ്കിൽ നിലവിലതിന് സാധിക്കില്ല. കാരണം, ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമാണ്. ജില്ലയിലടക്കം ഇതിനെതിരെ യു.ഡി.എഫിന്റെ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജ്ഞാപനമിറങ്ങിയിരിക്കുന്നത്.
ഓരോ പ്രദേശത്തേയും ജനസംഖ്യാനുപാതികമായാണ് വാർഡ് പുനർനിർണയം നടത്തുക. ഇതിനായി ഡീലിമിറ്റേഷൻ കമീഷനെ നിയമിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ചെയർമാനും സർക്കാറിന്റെ നാല് അംഗങ്ങളും കൂടിച്ചേർന്ന അംഗങ്ങളാണ് ഈ കമീഷനിലുണ്ടാകുക.
ഇത് രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനമിറക്കും. വാർഡ് പുനർനിർണയ നിർദേശങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തെരഞ്ഞെടുപ്പ് കമീഷന് നൽകുകയും കരട് വിജ്ഞാപനം ചെയ്യുകയും ചെയ്യും. ഇതുസംബന്ധിച്ച് ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അറിയിക്കുകയും ഇതിൽ അന്വേഷണം നടത്തി ജില്ല ആസ്ഥാനത്ത് ഹിയറിങ് നടത്തുകയും ചെയ്യും. പിന്നീടാണ് അന്തിമ വിജ്ഞാപനമിറക്കുക. പിന്നീട് വാർഡുകളുടെ അതിർത്തിയനുസരിച്ച് വോട്ടർപട്ടിക തയാറാക്കും.
നീലേശ്വരം: ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് വിഭജനം പൂർത്തിയാക്കി ഗസറ്റ് വിജ്ഞാപനമിറങ്ങുമ്പോൾ നീലേശ്വരം നഗരസഭയിൽ രണ്ടു വാർഡുകൾ വർധിച്ചേക്കും. 2010ൽ നഗരസഭയായി ഉയർത്തിയശേഷം 32 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇനി രണ്ടു വാർഡ് കൂടി വരുന്ന ശേഷം നീലേശ്വരം നഗരസഭയിൽ 34 വാർഡുകളാകും. ഏതൊക്കെ വാർഡുകൾ വിഭജിച്ചാണ് പുതിയ വാർഡുകൾ എന്നതു സംബന്ധിച്ച വിശദാംശങ്ങൾ വരേണ്ടതുണ്ട്. നിലവിൽ 43 വാർഡുകളുള്ള കാഞ്ഞങ്ങാട് നഗരസഭയിൽ നാലു വാർഡുകളും 38 വാർഡുകളുള്ള കാസർകോട് ഒരു വാർഡും പുതുതായി വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.