പാലക്കുന്ന്: പാലക്കുന്ന് പള്ളത്ത് റോഡ് പണിയുടെ ഭാഗമായുള്ള കൾവർട്ട് പണിക്കു വേണ്ടി കുടിവെള്ള കുഴൽ മുറിച്ചുമാറ്റിയതിനാൽ പ്രദേശത്തെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി.
റോഡിനടിയിലൂടെ പടിഞ്ഞാറുഭാഗത്തുനിന്ന് മറുഭാഗത്തേക്കുള്ള നാല് ഇഞ്ച് വ്യാസത്തിലുള്ള 12 ഓളം മീറ്റർ പൈപ്പാണ് മുറിച്ചുമാറ്റിയത്.
പള്ളം പാലക്കുന്ന് ഭാഗത്തെ 25 വീടുകളിലേക്കുള്ള ജല അതോറിറ്റിയുടെ ബി.ആർ.ഡി.സി കുടിവെള്ളമാണ് കഴിഞ്ഞ അഞ്ചുദിവസമായി മുടങ്ങിയത്. ജല അതോറിറ്റിയിൽ പരാതിപ്പെട്ടപ്പോൾ കൾവർട്ട് പണിയുന്ന പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെടാനാണ് നിർദേശം നൽകിയത്. പൈപ്പ് ശരിയാക്കേണ്ടത് ജല അതോറിറ്റിയുടെ പണിയാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കൈമലർത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളിയാഴ്ച വരെ പരിഹാരമായില്ലെങ്കിൽ കുടിവെള്ളമില്ലാതെ ദുരിതത്തിലായ ഗുണഭോക്താക്കൾ സമരത്തിനിറങ്ങും. വർഷങ്ങൾക്കു മുമ്പ് ഗുണഭോക്താക്കൾ സ്വരൂപിച്ച ഫണ്ടും പഞ്ചായത്തിന്റെ ചെറിയ സഹായവും സ്വരൂപിച്ചാണ് ഇവിടെ ഈ കുടിവെള്ള പദ്ധതി നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.