ഉദുമ: പതിമൂന്നുകാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ച രാത്രി ഉദുമയിലാണ് സംഭവം. ഉദുമ ഈച്ചിലിങ്കാലിലെ പള്ളിയില്‍ നിന്നു വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കുട്ടിയെ പിടിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടില്‍ വിവരം പറയുകയായിരുന്നു. ഉടന്‍ കുട്ടിയുടെ വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടയില്‍ ഉദുമ വില്ലേജ് ഓഫിസിന് പിറകുവശത്തെ ഇടവഴിയില്‍ ഓട്ടോ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരെ കണ്ടതോടെ ഓട്ടോയിലുള്ളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ നാട്ടുകാരുടെ പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറായ യുവാവും കൊല്ലം കുണ്ടറ സ്വദേശിയായ, ഉദുമ റെയിൽവേ ഗേറ്റിനു സമീപത്തെ രാത്രികാല മത്സ്യ കച്ചവടക്കാരനുമാണ് പിടിയിലായത്.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ബേക്കല്‍ പൊലീസ് രണ്ടുപേരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ ആള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ വ്യാപകമാക്കിയതോടെ രാത്രി വൈകി ഉദുമയിലെ ഒരു ബില്‍ഡിങ്ങിനുമുകളില്‍ ഒളിച്ച നിലയില്‍ കണ്ടെത്തി. ഇയാളെയും പൊലീസിന് കൈമാറി. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്ന പ്രദേശം മേല്‍പറമ്പ് സ്റ്റേഷൻ പരിധിയിലായതിനാല്‍ പ്രതികളെ മേല്‍പറമ്പ് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.