ഇരിയണ്ണി: പുലിഭീതിയിൽ കഴിയുന്ന ഇരിയണ്ണിയിൽ പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച രാവിടെ 6.20ന് ബേപ്പിൽനിന്ന് ഇരിയണ്ണിയിലേക്ക് ഹോട്ടൽ ജോലിക്ക് പോവുകയായിരുന്ന കനകയാണ് (50) പുലിയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇരിയണ്ണി ആയുർവേദ ഹോസ്പിറ്റലിന്റെ പിറകിലായുള്ള കാട്ടിൽനിന്നാണ് പുലിയുടെ ആക്രമണമുണ്ടായതെന്ന് പറയുന്നു. 36ഓളം വീട്ടുകാർ താമസിക്കുന്ന ഈ സ്ഥലത്തുള്ളവർക്ക് ഇരിയണ്ണിയിലെത്താൻ കാട്ടിലൂടെയുള്ള വഴിയാണ് ആശ്രയമെന്നും പ്രദേശവാസികൾ പറഞ്ഞു. വിദ്യാർഥികളടക്കം ഫോറസ്റ്റ് ഏരിയയായ ഈ വഴിയിലൂടെയാണ് പോകുന്നത്. വലിയ മരങ്ങളടക്കമുള്ള കാടുപിടിച്ചു ഇടമാണിത്. ഇവിടെ കാട്ടുമൃഗങ്ങളെ കാണാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. നടന്നുപോവുകയായിരുന്ന കനകയുടെ പിന്നിലേക്ക് മരത്തിൽനിന്ന് പുലി ചാടുകയായിരുന്നത്രെ. പേടിച്ച് നിലവിളിച്ചോടിയ കനക ഇരിയണ്ണിയിലെ ഹോട്ടലിൽ എത്തുകയായിരുന്നു. മുളിയാർ പഞ്ചായത്തിൽപെടുന്ന സ്ഥലമാണിത്.
നാട്ടുകാർ പുലിയെ കണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഇവിടെ മുന്നേ കൂട് സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്ത് പന്ത്രണ്ടോളം സി.സി.ടി.വിയുമുണ്ട്. പ്രദേശത്തെ പലരുടെയും വീടുകളിൽനിന്ന് വളർത്തുനായ്ക്കളെയടക്കം പുലി കൊണ്ടുപോയിരുന്നു. കനകയെ പുലി ആക്രമിച്ചതറിഞ്ഞ് ഡി.എഫ്.ഒ കെ. അശ്റഫ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വി. വിനോദ് കുമാർ, ജയകുമാർ, പ്രവീൺ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വേണ്ട ക്രമീകരണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇരിയണ്ണിയിൽ പുലിയ കണ്ട സാഹചര്യത്തിലാണ് കാട്ടിൽ കൂടും കാമറ ട്രാപ്പും സ്ഥാപിച്ചത്. പുലിയെ കണ്ടെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ ഈ വഴിയിലൂടെ ജനങ്ങൾ പോകാൻ പാടില്ലായെന്ന് നിർദേശം നൽകാനായി ഫോറസ്റ്റ് അധികൃതർ മുളിയാർ പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. ഫോറസ്റ്റ് ആർ.ആർ.ടി എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ഇവിടെ സ്ഥാപിച്ച പന്ത്രണ്ടോളം കാമറട്രാപ്പുകർ നിരീക്ഷിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇരിയണ്ണിക്കടുത്ത് രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള അടുക്കത്തൊടിയിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്.
ജനങ്ങൾ ഭയപ്പെടേണ്ട സഹചര്യമില്ലെന്നും നടന്നുപോകുന്ന ദൂരം കുറക്കാൻവേണ്ടി കാനനപാത തിരഞ്ഞെടുക്കരുതെന്നും പുലിയുണ്ടെന്ന് ഉറപ്പുവരുത്തിയ സ്ഥലങ്ങളിലൂടെയുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്നും കൂട് സ്ഥാപിച്ചതുകൊണ്ട് പെട്ടെന്നുതന്നെ പുലിയെ പിടികൂടാൻ കഴിയുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വി. വിനോദ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒന്നും രണ്ടും വീട് കഴിഞ്ഞ് കുറച്ച് കാട് കഴിഞ്ഞാണ് അടുത്ത വീട് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ കാനനപാത അടച്ചിടാൻ കഴിയില്ലെന്നും ജനങ്ങൾ സഹകരിക്കണമെന്നും അവരുടെ ജീവനുവേണ്ടിയാണ് ഫോറസ്റ്റ് അധികൃതർ നിലകൊള്ളുന്നതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വി. വിനോദ്കുമാർ കൂട്ടിച്ചേർത്തു.
വനപാലകർ വാക്കുപാലിച്ചു; കാമറ ട്രാപ് സ്ഥാപിച്ചു
കാഞ്ഞങ്ങാട്: പരപ്പ വീട്ടിയോടി, മാളൂർകയം തുടങ്ങിയ നാലിടങ്ങളിൽ പുലി ഇറങ്ങിയതിനെ തുടർന്ന് കാമറ സ്ഥാപിച്ചു. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. രാഹുലിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കാമറ സ്ഥാപിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു.
മരുതോം സെക്ഷൻ ഓഫിസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബി. ഭവിത്ത്, മീര, റിസർവ് ഫോറസ്റ്റ് വാച്ച്മാൻ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിയോടിയിലെത്തിയാണ് കാമറ ട്രാപ് സ്ഥാപിച്ചത്. എല്ലാദിവസവും കാമറ നിരീക്ഷിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഓഫിസർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.