കാസർകോട്: കോവിഡ് മഹാമാരിയുടെ പേരിൽ കടകൾ അനന്തമായി അടച്ചിടാൻ നിർദേശിക്കുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് ജില്ലയിലെ വ്യാപാരികൾ. കോവിഡ് മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
അനുമതി നീണ്ടാൽ ബുധനാഴ്ചക്കുശേഷം സമരപരിപാടികൾ ശക്തമാക്കാനാണ് വ്യാപാരികളുടെ തീരുമാനം. രോഗസ്ഥിരീകരണ നിരക്കിെൻറ അടിസ്ഥാനത്തിൽ എ, ബി, സി, ഡി വിഭാഗങ്ങളിൽ കട തുറക്കുന്നതിന് നിയന്ത്രണം ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപാരികൾ സമരത്തിനിറങ്ങി. വാടക, വൈദ്യുതി, വിവിധ കുറികൾ തുടങ്ങിയ ഇനങ്ങളിൽ വലിയ ബാധ്യതയാണ് വ്യാപാരികൾക്കുള്ളത്.
വിവിധ വായ്പകളെടുത്ത് കടയിൽ സാധനങ്ങൾ ഇറക്കിയവരാണ് അധികവും. കടകൾ തുറന്നാൽ പോലും ഈ നഷ്ടം നികത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടതുറക്കാൻ അനുവദിക്കണം. ചുരുങ്ങിയ മണിക്കൂറുകൾ കട തുറക്കുന്നതിലൂടെ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. നിസ്സാര കാരണങ്ങൾക്കുപോലും പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നും ഇവർ ഉന്നയിക്കുന്നു. ബുധനാഴ്ചക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉറപ്പുനൽകിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ശരീഫ് പറഞ്ഞു. അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ബുധനാഴ്ചക്കുശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്പളയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദി ക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിലെ വ്യാപാരി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ്, കുമ്പള സി.ഐ പ്രമോദ് എന്നിവരുമായി വീണ്ടും ചർച്ച നടത്തി. പ്രദേശത്ത് ടി.പി.ആർ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സീസൺ സമയം കണക്കിലെടുത്ത് കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. വൈസ് പ്രസിഡൻറ് നാസിർ മൊഗ്രാൽ, സ്ഥിരം സമിതി ചെയർമാൻ കൊഗ്ഗു, പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി എന്നിവരും പങ്കെടുത്തു. മൂന്നാം തവണയാണ് വ്യാപാരി കൂട്ടായ്മ ചർച്ച നടത്തുന്നത്. വിഷയം ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറും സി.ഐയും പറഞ്ഞു.
'വ്യാപാരികൾക്കും ജീവിക്കണം' എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന കൂട്ട നിവേദനത്തിനുള്ള ഒപ്പുശേഖരണത്തിെൻറ ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര നിർവഹിച്ചു. പഴയ ബസ് സ്റ്റാൻഡിലെ യൂസുഫ് ടെക്സ്റ്റൈൽസിൽനിന്ന് ഒപ്പ് ശേഖരിച്ചാണ് തുടക്കം കുറിച്ചത്. ജില്ല ട്രഷറർ അമ്പുഞ്ഞി തലക്കളായി, കെ. രാമകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, അബ്ദുസ്സലാം എരുതും കടവ്, നഹാറുദ്ദീൻ, അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വ്യാപാരി കുടുംബങ്ങളെ ആത്മഹത്യയുടെ വക്കിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി മൊഗ്രാൽ പുത്തൂർ യൂനിറ്റിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് ധർണ നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹമീദ് പഞ്ചത് അധ്യക്ഷത വഹിച്ചു. റിയാസ് ചൗകി, കെ.ടി. സുഭാഷ് നാരായണൻ, ടി.കെ. സുരേഷ്, അഹമ്മദ് ചൗകി എന്നിവർ സംസാരിച്ചു.
വ്യാപാരി സമൂഹത്തെ വേട്ടയാടുന്ന സമീപനങ്ങൾ അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂർ യൂനിറ്റ് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണമായും സഹകരിക്കുന്ന വ്യാപാരികളോട് കാണിക്കുന്ന ദ്രോഹ നടപടികൾക്ക് അറുതിയില്ലെന്ന് പ്രസിഡൻറ് എം.പി.മൊയ്തീൻ കുഞ്ഞി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.