ബദിയടുക്ക: റോഡുവികസനത്തിന് മുറിച്ച് മാറ്റിയവക്ക് പകരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. കേരള ഗതാഗത പദ്ധതിയുടെ റീബ്യുൽഡ് കേരളയിൽ ഉൾപ്പെട്ട കുമ്പള - ബദിയടുക്ക - മുള്ളേരിയ റോഡ് നവീകരണം ഏറ്റെടുത്ത് ചെയ്യുന്ന ആർ.ഡി.എസ് പ്രൊജക്ട് കമ്പനിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
മുറിച്ചുമാറ്റിയ ഒരു മരത്തിന് പകരം പത്ത് മരം നട്ടുപിടിപ്പിക്കണമെന്നതാണ് വ്യവസ്ഥ. ഇതിന്റെ സാധ്യതകൾ കണക്കാക്കി വൃക്ഷത്തൈകൾ നട്ട് തണൽമരങ്ങളായി വളർത്തിടുക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. നട്ട തൈകൾ സംരക്ഷിക്കും. കുമ്പളയിൽ മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫും തൈകൾ നട്ടു. ബദിയടുക്കയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്തയും തൈ നടലിന് നേതൃത്വം നൽകി. റോഡുനിർമാണ മേൽനോട്ട ചുമതലയുള്ള കെ.എസ്.ടി.പി എൻജിനീയർ ധന്യ, ബദിയടുക്ക എസ്.ഐ. കെ.പി. വിനോദ് കുമാർ, പരിസ്ഥിതി പ്രവർത്തകൻ രാജു മാഷ്, റോഡുനിർമാണ പ്രവർത്തിക്ക് നേതൃത്വം നൽകുന്ന പ്രോജക്ട് മാനേജർ അരവിന്ദ്, ഡി.പി.എം പ്രോജക്ടർ ആർ.ടി.എസ് റോബിൻ, ഉദ്യോഗസ്ഥരായ സന്തോഷ്, ഹരീഷ്, വിഷ്ണുജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. അബ്ബാസ്, പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെയും, സന്നദ്ധ സംഘടന പ്രവർത്തകരും കണ്ണികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.