കാസർകോട്: കേന്ദ്രം വിൽപനക്കുവെച്ച ഭെൽ- ഇ.എം.എൽ കമ്പനി കേരളം ഏറ്റെടുത്തെങ്കിലും എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. തൊഴിലാളികളുടെ ശമ്പളവും കുടിശ്ശികയും എന്നുലഭിക്കുമെന്ന കാര്യത്തിലും ഒരുറപ്പുമില്ല. എന്നാൽ, പഴയ കെൽ ഇനിയുണ്ടാവില്ലെന്ന സൂചന മാനേജിങ് ഡയറക്ടർ ഷാജി എം. വർഗീസും ആവർത്തിച്ചു.
സർക്കാർ തല തീരുമാനമാണെന്നും അദ്ദേഹം ജീവനക്കാരുടെ സംഘടന പ്രതിനിധികളെ അറിയിച്ചു. രണ്ടുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാസർകോട് ബദ്രഡുക്കയിലെ പഴയ കെൽ യൂനിറ്റ് തുറക്കുമെന്ന പ്രഖ്യാപനം സർക്കാർ നടത്തിയത്. ഭെൽ അധീനതയിലുണ്ടായിരുന്ന 51 ശതമാനം ഓഹരിയും ഏറ്റെടുത്ത് പഴയ കെൽ യാഥാർഥ്യമാവുമെന്നാണ് ജീവനക്കാരും നാട്ടുകാരും കരുതിയത്. സർക്കാറിെൻറ നൂറുദിന കർമപദ്ധതിയുടെ നേട്ടമായി ബുധനാഴ്ചയും മുഖ്യമന്ത്രി ഇക്കാര്യം ആവർത്തിച്ചു.
പഴയ കെൽ യൂനിറ്റിെൻറ 51ശതമാനം ഓഹരി ഭെല്ലിന് നൽകിയാണ് ഭെൽ ഇ.എം.എൽ കമ്പനിയായത്. ഭെൽ ഓഹരി കൈയൊഴിഞ്ഞതോടെ മുഴുവൻ ഓഹരിയും കെല്ലിേൻറതായി. സ്വാഭാവികമായും പഴയ കെൽ നിലവിൽ വരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കെല്ലിെൻറ അനുബന്ധ കമ്പനിയാണ് കാസർകോട്ടേത് എന്ന് വ്യവസായ മന്ത്രി പി. രാജീവ് തൊഴിലാളി സംഘടനകളെ അറിയിച്ചത്. ഇതിലുള്ള അതൃപ്തി തൊഴിലാളികൾ മന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.ഇതിനു പിന്നാലെയാണ് എം.ഡിയുമായി ബുധനാഴ്ച കൊച്ചിയിൽ സംയുക്ത തൊഴിലാളി യൂനിയൻ നേതാക്കൾ ചർച്ച നടത്തിയത്. കെല്ലിെൻറ അനുബന്ധ കമ്പനിയാകുന്നതിലുള്ള ആശങ്ക ജീവനക്കാർ എം.ഡിയെ അറിയിച്ചു.
കമ്പനി എന്നു തുറക്കാൻ കഴിയുമെന്ന ചോദ്യത്തിന് കൃത്യമായ തീയതി പറയാൻ എം.ഡിക്ക് സാധിച്ചില്ല. ശമ്പളവും കുടിശ്ശികയും എന്നു ലഭിക്കുമെന്ന കാര്യത്തിലും ഒരുറപ്പും നൽകിയില്ലെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു. ഈമാസം 28, 29 തീയതികളിൽ വീണ്ടും ചർച്ച നടത്തുമെന്നും എം.ഡി തൊഴിലാളികളെ അറിയിച്ചു.വി. രത്നാകരൻ (സി.ഐ.ടി.യു), കെ.പി.മുഹമ്മദ് അഷ്റഫ് (എസ്.ടി.യു), എ. വാസുദേവൻ (ഐ.എൻ.ടി.യു.സി), കെ.ജി. സാബു (ബി.എം.എസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.