കാസർകോട്: ഉപ്പള റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് യാത്രക്കാർ ഉന്നയിക്കുന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് റെയിൽവേ. ഉപ്പള സ്റ്റേഷനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
ഉപ്പളയിൽ ഹാൾട്ട് ഏജന്റിനെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കുക, റിസർവേഷൻ ടിക്കറ്റ് ബുക്കിങ് സൗകര്യം പുനസ്ഥാപിക്കുക, നേത്രാവതി എക്സ്പ്രസ്, പരശുരാം എക്സ്പ്രസ്, ചെന്നൈ-മംഗളൂരു എക്സ്പ്രസ് എന്നിവക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു.
കൂടാതെ ഹാൾട്ട് ഏജന്റിനെ നിയമിച്ചാൽ ഉപ്പളയെ ആശ്രയിക്കുന്ന അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് വിതരണം ദുരിതത്തിലാകുമെന്നുള്ള ആശങ്ക ചർച്ചയിലൂടെ ഉന്നയിച്ചു. നിലവിൽ രാത്രികാലങ്ങളിൽ കാസർകോട് എത്തുന്ന ട്രെയിനുകളിൽ ഉപ്പള മഞ്ചേശ്വരം ഭാഗത്തേക്കുള്ള മലയോര മേഖലയിലേക്കുൾപ്പെടെയുള്ള യാത്രക്കാർക്ക് ആവശ്യത്തിന് ബസ് സൗകര്യമില്ലാത്തതിനാൽ വളരെ അധികം ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.
ടാക്സിക്ക് ഭീമമായ തുക നൽകിയാണ് യാത്ര ചെയ്യുന്നത്. കാസർകോട്-മംഗളൂരു നഗരങ്ങളുടെ മധ്യ ഭാഗത്തായിട്ടുള്ള ഉപ്പളയിൽ വണ്ടികൾക്ക് സ്റ്റോപ്പ് നൽകുകയാണെങ്കിൽ ഉപ്പള-മഞ്ചേശ്വരം ഭാഗത്തുകാർക്ക് വളരെ അധികം ഉപകാരപ്പെടും.
കമ്മിറ്റി ഭാരവാഹികളായ അസീം മണിമുണ്ട, എം.കെ. അലി മാസ്റ്റർ, കെ.ഐ. പുഷ്പരാജ്, ഹനീഫ് റെയിൻബോ, സത്യൻ സി. ഉപ്പള, നാഫി ബപ്പായ്തൊട്ടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ, മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റുബീന, ജനപ്രതിനിധികളായ മഹ്മൂദ് മണിമുണ്ട, മുഹമ്മദ് ഹുസൈൻ മൂസോടി, ടി.എ. ശരീഫ്, മുഹമ്മദ് റഫീഖ്, മജീദ് പച്ചമ്പള, ഖൈറുന്നിസ, കിഷോർ കുമാർ.
വിവിധ രാഷ്ട്രീയ നേതാക്കളായ ടി.എ. മൂസ, വസന്ത മയ്യ, എം.ബി. യൂസുഫ്, ബി.എം. മുസ്തഫ, ഉമർ അപ്പോളോ, പി.എം. സലീം, മഖ്ബൂൽ അഹ്മദ്, വ്യാപാരി പ്രസിഡന്റ് ജബ്ബാർ പള്ളം, വൈസ് പ്രസിഡന്റ് ശിവറാം പക്കള, ഹമീദ് നിഫ, റൈഷാദ് ഉപ്പള, മുഹമ്മദ് അഷാഫ്, ചെമ്മി ഉപ്പള ഗേറ്റ്, ഷബ്ബിർ മണിമുണ്ട, ഭരത് റൈ കൊടിബൈൽ എന്നിവരും പാലക്കാട് റെയിൽവേ ഡിവിഷനെ പ്രതിനിധീകരിച്ച് സീനിയർ ഡിവിഷനൽ കൊമേഴ്ഷ്യൽ മാനേജർ ഡോ. അരുൺ, കമേഴ്സ്യൽ വിഭാഗത്തിലെ മറ്റു അംഗങ്ങൾ, ഉപ്പള സ്റ്റേഷനിലെ കമേഴ്സ്യൽ ക്ലർക്ക് വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തെ ഉപ്പളയിൽ ഹാൾട്ട് ഏജന്റിനെ നിയമിക്കുന്നതുമായി സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ ചെയർമാൻ അഡ്വ. ബാലകൃഷ്ണ ഷെട്ടി, കൺവീനർ അസീം മണിമുണ്ട, ജോ. കൺവീനർ നാഫി ബപ്പായിത്തൊട്ടി എന്നിവർ റെയിൽവേയുടെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി. കെ. കൃഷ്ണ ദാസുമായി ചർച്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് റെയിൽവേ അധികൃതരുടെ ഈ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.