കാസർകോട്: ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിയിലൂടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിച്ച് വലിയപറമ്പ് ഗ്രാമപഞ്ചായത്ത്.
കേരളത്തിലെ 941 പഞ്ചായത്തുകളില്‍നിന്നും 10 പഞ്ചായത്തുകളെയാണ് ടൂറിസം സ്ട്രീറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ജില്ലയില്‍നിന്നുള്ള ഏക പഞ്ചായത്താണ് വലിയപറമ്പ.
ടൂറിസം ഫോര്‍ ഇന്‍ക്ലൂസിവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് രൂപം നല്‍കിയത്.
ഓരോ പ്രദേശത്തിന്റെയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും തൊട്ടറിയാനാവുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി. കുറഞ്ഞത് മൂന്നു തെരുവുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും നടപ്പാക്കും.
കടലും കായലും കൃഷിയും ജൈവവൈവിധ്യങ്ങളാലും നിറഞ്ഞുനില്ക്കുന്ന വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെ സാധ്യതകള്‍ ലോകമെമ്പാടും എത്തിക്കാന്‍ പദ്ധതി വഴി സാധിക്കും.
വലിയപറമ്പിന്റെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്നതായിരിക്കും പദ്ധതിയെന്ന് പ്രസിഡന്റ് വി.വി. സജീവന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.