കാസർകോട്: റെയിൽവേയിൽനിന്നുള്ള അവഗണനയുടെ കഥകൾ മാത്രം പറയാനുണ്ടായിരുന്ന കാസർകോടിന് ഇനി അഭിമാനത്തിന്റെ കഥകൂടി പറയാനുണ്ടാകും. ചരിത്രത്തിൽ ആദ്യമായി ബുധനാഴ്ച കാസർകോടുനിന്നും ഒരു ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുമ്പോൾ അത് കാസർകോട് റെയിൽവേയുടെ പുതുചരിത്രം കുറിക്കലാകും. അങ്ങനെ കാസർകോടുനിന്ന് പുറപ്പെടുന്ന ആദ്യത്തെ ട്രെയിൻ എന്ന ഖ്യാതി ഇതിലൂടെ വന്ദേഭാരതിന് സ്വന്തമാകും.
കാസര്‍കോട്ടുനിന്നും തിരുവനന്തപുരം വരെ ചെയര്‍ കാര്‍ നിരക്ക് 1,590 രൂപയാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ 2,880 രൂപയുമാണ്. ഭക്ഷണമുള്‍പ്പെടെയാണ് ചാര്‍ജ്. ചൊവ്വാഴ്ച പ്രധാന മന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് 14 സ്റ്റേഷനുകളിലും നിർത്തി ഉച്ചക്ക് കാസർകോട്ട് എത്തിച്ചേരും.
ഒരു ദിവസം കാസർകോട്ട് നിർത്തിയിടുന്ന വന്ദേഭാരതിന്റെ യാത്രക്കാർക്കുള്ള ആദ്യ യാത്രയാണ് ബുധനാഴ്ച ഉച്ചക്ക് 2.30ന് കാസർകോട്ട്നിന്നുമുള്ളത്.
ദേശീയപാത നിർമാണവും കാസർകോടുനിന്നും തിരുവനന്തപുരത്തേക്കാണ് ആരംഭിച്ചിരിക്കുന്നത്. അതിനുപിന്നാലെയാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും ആദ്യമായി ഒരു ട്രെയിൻ സർവിസ് തുടങ്ങുന്നത്. വന്ദേഭാരതിന്റെ ആദ്യ പ്രഖ്യാപനത്തിൽ കാസർകോടിനെ ഒഴിവാക്കിയതിനെതിരെ ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചതിന്റെ ഫലം കൂടിയാണ് കേന്ദ്രമന്ത്രാലയത്തിന്റെ പുനർചിന്തനത്തിന് ഇടയാക്കിയത്. ഇതിന്റെ ഫലമാണ് വന്ദേ ഭാരത് കാസർകോട്ടേക്ക് നീട്ടിയത്.
കർണാടക തിരഞ്ഞടുപ്പ് കഴിഞ്ഞാലുടൻ വന്ദേഭാരത് മംഗളൂരുവരെ നീട്ടാനുള്ള എല്ലാ നടപടികളും തുടങ്ങിക്കഴിഞ്ഞതായാണ് അറിയുന്നത്. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾക്ക് കാസർകോട്ട് സൗകര്യം ഇല്ല. ഇതാണ് പ്രധാനമായും സർവിസ് മംഗളരുവിലേക്ക് നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇടയാക്കുന്നത്. അങ്ങനെ വന്നാൽ ഏറ്റവും കൂടുതൽ പ്രയോജനം കിട്ടുക കാസർകോട്ടുകാർക്ക് തന്നെയായിരിക്കും.
വന്ദേഭാരത് ട്രെയിനിന് കാസർകോട്ട് വെള്ളം നിറക്കാനുള്ള സംവിധാനങ്ങൾ പൂർത്തിയായി വരുകയാണ്. പാളത്തിന് സമീപത്തുകൂടി നീളത്തിലുള്ള പൈപ്പ് ഇരുമ്പ് തൂണിൽ ഘടിപ്പിച്ച് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെമീ ഹൈസ്പീഡ് ട്രെയിനിന്റെ ആദ്യയാത്രക്കുളള ടിക്കറ്റുകൾ മൊബൈല്‍ ആപ് , ടിക്കറ്റ് കൗണ്ടറുകള്‍ , വെബ്സൈറ്റ് എന്നിവ വഴി പതിവ് രീതിയിൽ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. തത്കാൽ സംവിധാനം ഇല്ല.
ട്രെയിൻ കാസർകോട്ടേക്ക് ട്രയൽറൺ നടത്തിയപ്പോൾ രാഷ്ട്രീയ കക്ഷി ഭേദമന്യേയാണ് ജനങ്ങൾ ഒഴുകിയെത്തി സ്വീകരിച്ചത്. വ്യാഴാഴ്ച ഈ ട്രെയിൻ സർവിസ് ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.