കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും സ്വീപ്പറും വിജിലൻസ് പിടിയിലായി. നെട്ടണിഗെ വില്ലേജ് ഓഫിസർ എസ്.എൽ. സോണിയും സ്വീപ്പർ ശിവപ്രസാദുമാണ് 2000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായത്.
മുള്ളേരിയ സ്വദേശിയായ അബ്ദുൽ റഹ്മാൻ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പണിത കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് കൈവശരേഖ പഞ്ചായത്തിൽ സമർപ്പിക്കുന്നതിനായി ബെള്ളൂർ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. നിരവധി തവണ സർട്ടിഫിക്കറ്റുകൾക്കായി പരാതിക്കാരൻ വില്ലേജ് ഓഫിസിൽ എത്തിയെങ്കിലും പല കാരണങ്ങളാൽ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാൽ, കെട്ടിട നമ്പർ അത്യാവശ്യമായി കിട്ടേണ്ടിയിരുന്നതിനാൽ കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ വില്ലേജ് ഓഫിസർ സോണിയും സ്വീപ്പർ ശിവപ്രസാദും 2000 രൂപയും മദ്യവും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ ഇക്കാര്യം കാസർകോട് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശാനുസരണം ഒരുക്കിയ കെണിയിൽ ഇരുവരും വീഴുകയായിരുന്നു. 19ന് വൈകീട്ട് 3.30ന് നെട്ടണിഗെ ഗ്രൂപ് വില്ലേജ് ഓഫിസിൽ പരാതിക്കാരനിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ ശിവപ്രസാദിനെയും മദ്യം വാങ്ങിയ സോണിയെയും വിജിലൻസ് സംഘം കൈയോടെ പിടികൂടി.
പാർട്ട്ടൈം സ്വീപ്പറായ ശിവപ്രസാദിന്റെ ജോലിസമയം രാവിലെ 11ഓടെ അവസാനിക്കുമെങ്കിലും ഇയാൾ വില്ലേജ് ഓഫിസറായ സോണിക്കുവേണ്ടി കൈക്കൂലി പിരിച്ചെടുക്കുന്ന ഏജൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതികളെ തലശ്ശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ സിബി തോമസ്, സബ് ഇൻസ്പെക്ടർ പി.പി. മധു, എ.എസ്.ഐമാരായ രാധാകൃഷ്ണൻ, മധുസൂദനൻ, സതീശൻ, സുബാഷ് ചന്ദ്രൻ, സി.പി.ഒമാരായ സതീശൻ, രഞ്ജിത്ത് കുമാർ, മനോജ്, പ്രദീപ്, ജയൻ, പ്രമോദ്, പ്രിയ കെ. നായർ, ഷീബ, ശ്രീനിവാസൻ, കൃഷ്ണൻ, രതീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.