പാലക്കുന്ന്: ജല അതോറിറ്റിയുടെ കീഴിൽ ബി.ആർ.ഡി.സി കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. മഴക്കാലമായതിനാൽ ഇത് അധികമാരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നുമാത്രം. പാലക്കുന്ന് ടൗണിൽ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വടക്കുഭാഗത്താണ് രണ്ട് മാസത്തിലേറെയായി വെള്ളം ഒഴുകി പാഴാകുന്നത്.
ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായി ഒലിച്ചുപോകുന്നതെന്നും സമീപത്തെ കടയുടമകളും നാട്ടുകാരും പറയുന്നു. കരിച്ചേരി പുഴയിൽനിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിച്ച് 20 കിലോമീറ്ററുകളോളം പൈപ്പുകളിലൂടെ ഒഴുകി ഇപ്പുറം എത്തുന്ന കുടിവെള്ളം ഒലിച്ചു പോകുന്നത് നോക്കിനിൽക്കാനേ നിവൃത്തിയുള്ളൂവെന്നാണ് പൊതു പരാതി. ഇതേ സംസ്ഥാനപാതയിൽ പാലക്കുന്നിന് തെക്ക് ഇന്ത്യാനാ ഹോസ്പിറ്റലിന് എതിർഭാഗത്ത് കോട്ടിക്കുളം ജമാഅത്ത് പള്ളി റോഡ് മുമ്പിലും പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതേ പദ്ധതിവഴിയുള്ള ജല അതോറിറ്റിയുടെ വെള്ളമാണ് ഇവിടെയും പാഴാകുന്നത്. പാലക്കുന്നിലും കോട്ടിക്കുളത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും തിരിഞ്ഞുനോക്കാത്തത് ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും എത്രയുംവേഗം ഈ കുടിവെള്ള ചോർച്ചക്ക് പരിഹാരം കാണണമെന്നും കോട്ടിക്കുളം-പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, കോട്ടിക്കുളം മുസ് ലിം ജമാഅത്ത് കമ്മിറ്റി, പാലക്കുന്ന് ബ്രദേഴ്സ് ക്ലബ്, കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.