മൊഗ്രാൽ: രണ്ടുപതിറ്റാണ്ടിനുള്ളിൽ ശുദ്ധജല പദ്ധതിക്കായും കൃഷിയാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നതിനായും അരക്കോടി രൂപ ചെലവഴിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച കാടിയംകുളം ശക്തമായ മഴയിൽ നിറഞ്ഞുകവിഞ്ഞതോടെ ദുരിതത്തിലായത് കെ.കെ പുറം നിവാസികൾ.
കാടിയംകുളത്തുനിന്ന് നിറഞ്ഞുകവിഞ്ഞൊഴുകുന്ന വെള്ളം കഴിഞ്ഞവർഷം പുതുതായി നിർമിച്ച കെ.കെ പുറം ലിങ്ക് റോഡിലൂടെയാണ് ഒഴുകുന്നത്. ഇവിടെ ഓവുചാല്‍ സംവിധാനമില്ലാത്തതാണ് പ്രദേശവാസികൾക്ക് ദുരിതമായത്.
മുട്ടോളം വെള്ളത്തിലാണ് വിദ്യാർഥികൾ അടക്കമുള്ള പ്രദേശവാസികൾ തൊട്ടടുത്ത മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും വിവിധ ആവശ്യങ്ങൾക്കായി മൊഗ്രാൽ ടൗണിലേക്കും പോകുന്നത്.
കാടിയംകുളത്തുനിന്ന് ലിങ്ക് റോഡ് വഴി വരുന്ന വെള്ളത്തിന് വലിയരീതിയിൽ ഒഴുക്കുള്ളത് രക്ഷിതാക്കളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ലിങ്ക് റോഡ് വഴി സ്കൂളിലെത്താൻ എളുപ്പവഴിയായതിനാൽ ഈ റോഡിനെയാണ് വിദ്യാർഥികൾ ഏറെയും ആശ്രയിക്കുന്നതും.
2010-15 കാലയളവിലാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഫണ്ടും ഹാർബർ ഫണ്ടും ഉപയോഗപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ ചളിയങ്കോട് ജങ്ഷൻ-കെ.കെ പുറം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. താഴ്ന്നപ്രദേശമായതിനാൽ അന്നുതന്നെ റോഡിന് ഓവുചാൽ സംവിധാനവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാർബർ എൻജിനീയർ വിഭാഗം എസ്റ്റിമേറ്റിൽ ഓവുചാൽ സംവിധാനം ഉൾക്കൊള്ളിക്കാത്തത് ദുരിതത്തിന് കാരണമായി.
കെ.കെ പുറം റോഡിന് സമീപത്തായി ഓവുചാൽ സംവിധാനം ഒരുക്കണമെന്ന് പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെട്ടുവരുകയാണ്.
നാമമാത്രമായ പഞ്ചായത്ത് ഫണ്ട് അപര്യാപ്തമാകുമെന്നതിനാൽ എം.പി ഫണ്ടോ ഹാർബർ ഫണ്ടോ ലഭ്യമാക്കി അരക്കിലോമീറ്റർ ദൈർഘ്യമുള്ള കെ.കെ പുറം റോഡിന് ഓവുചാൽ സംവിധാനമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.