കാസർകോട്: ഒമിക്രോൺ പശ്ചാത്തലത്തിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതോടെ അന്തർസംസ്ഥാന ബസ് സർവിസുകൾ വെട്ടിക്കുറച്ചു. ജില്ലയിൽനിന്ന് മംഗളൂരു, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഞായറാഴ്ചയും അഞ്ച് സർവിസുകൾ റദ്ദാക്കി. ശനിയാഴ്ച നാല് ബസുകളാണ് ട്രിപ്പുകൾ റദ്ദാക്കിയിരുന്നത്. കർണാടകയിൽനിന്നുള്ള ട്രാൻസ്പോർട്ട് ബസുകൾ 50 ശതമാനവും ട്രിപ്പുകൾ റദ്ദാക്കി.
വെള്ളിയാഴ്ച അർധരാത്രിയാണ് കർണാടകയിൽ കർഫ്യൂ തുടങ്ങിയത്. ഞായറാഴ്ച രാത്രിയോടെ നിയന്ത്രണം അവസാനിച്ചു. തിങ്കളാഴ്ച മുതൽ കർഫ്യൂ ഇല്ലെങ്കിലും നിയന്ത്രണം കടുപ്പിക്കുമെന്നാണ് സൂചന.
കർഫ്യൂ മംഗളൂരുവിൽ അവശ്യസേവനങ്ങളെ ബാധിച്ചിട്ടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയാൻ കർശന പരിശോധനയാണ് മംഗളൂരുവിൽ പൊലീസ് ഏർപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡും മറ്റു രേഖകളും പരിശോധിച്ചാണ് ആളുകളെ യാത്ര ചെയ്യാൻ അനുവദിച്ചത്. അനാവശ്യമായി ചുറ്റിക്കറങ്ങാൻ ഇറങ്ങിയവരുടെ വാഹനങ്ങൾ പിടികൂടി. ഇതെല്ലാം കേരള അതിർത്തിയിൽ കഴിയുന്നവരെ പ്രതികൂലമായി ബാധിച്ചു. ഏതാനും ബസുകൾ മാത്രമാണ് ഞായറാഴ്ച മംഗളൂരുവിൽ തന്നെ സർവിസ് നടത്തിയത്.
കേരള അതിർത്തിയിൽ ഒമ്പത് ചെക് പോസ്റ്റുകളാണ് കർണാടക ഏർപ്പെടുത്തിയത്. 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തിവഴി കടത്തിവിടുന്നത്. യാത്രയുടെ ലക്ഷ്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തുകയും വേണം.
കാസര്‍കോട്: ജില്ലയിൽ രണ്ട് പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. കാസർകോട്, കാഞ്ഞങ്ങാട് നഗരസഭ പ്രദേശങ്ങളിൽ കഴിയുന്നവരാണിവർ. ഇരുവരും ഗൾഫിൽനിന്ന് അവധിക്ക് വന്നവരാണ്. അതിനാൽ സമ്പർക്കപ്പട്ടികയിൽ കാര്യമായി ആരുമില്ല. ജില്ലയിൽ ആകെയുള്ള ഒമിക്രോൺ കേസുകളുടെ എണ്ണം നാലായി.
ഇവരെ കൃത്യമായി ക്വാറൻറീൻ ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഞായറാഴ്ച 147 പേര്‍ക്കാണ് പുതുതായി കോവിഡ് പോസിറ്റിവായത്. 38 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 724 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 840. നിരീക്ഷണത്തിൽ 4941 പേർ. വീടുകളിൽ 4591ഉം സ്ഥാപനങ്ങളിൽ 350മുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4941 പേരാണ്.
പുതിയതായി 664 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെൻറിനല്‍ സര്‍വേ അടക്കം പുതിയതായി 1883 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 400 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 237 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 144,473 പേർക്കാണ്. ഇതിൽ 142,477 പേർ നെഗറ്റിവ് ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.