കാഞ്ഞങ്ങാട്: എ.ഐ കാമറയുടെ മറവിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും കാമറയിലൂടെ കമീഷൻ വാങ്ങിക്കാമെന്ന് തെളിയിച്ച സർക്കാർ ആണ് പിണറായി വിജയന്റേത് എന്നും ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവർഷം മുമ്പ് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നടത്തിയ ഇന്ത്യ യുനൈറ്റഡ് പദയാത്രയിൽ തെളിയാത്ത തെരുവ് വിളക്കുകൾ രണ്ട് വർഷത്തിനിപ്പുറവും അതേനിലയിൽ തെളിയാതെ നിൽക്കുന്നത് കാഞ്ഞങ്ങാട് നഗരസഭയുടെ പിടിപ്പുകേടാണെന്നും കത്താത്ത വിളക്ക് പോലെ പിണറായി സർക്കാർ അസ്തമിക്കാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, മുൻ ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ, റിജിൽ മാക്കുറ്റി, ജോമോൻ ജോസ് എസ്. ശരത്, ധന്യ സുരേഷ്, പി.വി. സുരേഷ്, വിനോദ് കുമാർ പള്ളയിൽ വീട്, മിനി ചന്ദ്രൻ, സാജിദ് കമ്മാടം, പ്രവാസ് ഉണ്ണിയാടാൻ തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന പ്രതിനിധി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. ഭരണകൂടം തൊഴിലവസരങ്ങൾ നിഷേധിക്കുന്നത് മൂലം ചെറുപ്പക്കാർ രാജ്യം വിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ച ആളുകൾ കോൺഗ്രസിന്റെ നേതൃനിരയിൽ കടന്നുവരണം. കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയ നേതൃത്വനിരയിൽ പ്രവർത്തിച്ചിരുന്നവരും, യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹികളായി വന്നവരൊക്കെയാണ് മുൻകാലങ്ങളിൽ രാഷ്ട്രീയ രംഗത്ത് വലിയ പദവികളിൽ എത്തിയിരുന്നതെങ്കിൽ ഇന്ന് അത്തരം ആളുകൾ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും, രാഷ്ട്രീയരംഗത്തുനിന്നും വഴിമാറിപ്പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ശബരീനാഥ് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, അഡ്വ.കെ.കെ. രാജേന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി വിദ്യാസാഗർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിൽ, ജോമോൻ ജോസ്, നോയൽ ടോം ജോസഫ്, ജില്ല ഭാരവാഹികളായ മനാഫ് നുള്ളിപാടി, ഐ.എസ്. വസന്തൻ, കെ.എസ്.യൂ ജില്ല പ്രസിഡൻറ് ജവാദ് പുത്തൂർ തുടങ്ങിയവർ സംസാരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ രംഗത്ത് ജില്ല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണമെന്ന് ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
ഇപ്പോഴും ജില്ലയിൽ എൻഡോസൽഫാൻ ഇരകൾ ഉൾപ്പെടെയുള്ള പാവപ്പെട്ട രോഗികൾ ലക്ഷങ്ങൾ െചലവിട്ട് അന്യ സംസ്ഥാനത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മെഡിക്കൽകോളജ് പൂർണസജ്ജമാകുംവരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാനും ജില്ല സമ്മേളനം തീരുമാനിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ സമാപനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ ബാലകൃഷ്ണൻ പെരിയ, രാജേഷ് പള്ളിക്കര, ജില്ല ഭാരവാഹികളായ വിനോദ് കള്ളാർ, രാജേഷ് തമ്പാൻ, ധനേഷ് ചീമേനി, രോഹിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.