കാസർകോട്: കൃഷിനാശത്തിനു പിന്നാലെ ആക്രമണവും തുടങ്ങിയതോടെ ആനപ്പേടി ഒഴിയാതെ നാട്. കാറഡുക്കയിൽ ദ്രുതകർമസേനാംഗത്തിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായതോടെ നാട്ടുകാരുടെ ആശങ്കയേറി. കൊട്ടംകുഴി അരനടുക്കത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തുന്നതിനിടെ ഇരിയണ്ണിയിലെ തീയ്യടുക്കം സ്വദേശി സനൽകുമാറിനാണ് കഴിഞ്ഞദിവസം പരിക്കേറ്റത്.
കൈയുടെ എല്ല് പൊട്ടിയതിനാൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കാറഡുക്കയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആളുകൾക്കുനേരെയുള്ള ആക്രമണം. ഏഴ് ആനകൾ വാച്ചർമാർ ഉൾപ്പെട്ട സംഘത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓട്ടത്തിനിടെ വീണാണ് വാച്ചർക്ക് പരിക്ക്. മറ്റുള്ളവർ സോളാർ വേലിക്കപ്പുറമെത്തിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
കർണാടക വനത്തിൽനിന്നിറങ്ങുന്ന ആനകളെ ഉൾവനത്തിലേക്ക് തുരത്തി ഓടിക്കുന്നതിനാണ് പ്രത്യേക പരിശീലനം നൽകിയ യുവാക്കളെ വനംവകുപ്പ് നിയമിച്ചത്. കാറഡുക്ക സംരക്ഷിത വനത്തിനോട് ചേർന്നുള്ള കർമംതോടിയിൽ കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
ആറുവർഷം പ്രായമായ തെങ്ങിൻതൈകൾ വ്യാപകമായി നശിപ്പിച്ചു. കൃഷിയിടത്തിലെ പൈപ്പുകളും ചവിട്ടിമെതിച്ചു. കാറഡുക്ക മേഖലയിൽ വ്യാപകമായ കൃഷിനാശം കണക്കിലെടുത്ത് സർവകക്ഷി യോഗം ചേർന്നാണ് ആനകളെ തുരത്താൻ പ്രത്യേക സംഘത്തെ നിയമിച്ചത്.
ജില്ലയിൽ ഒരുവർഷത്തിനിടെ വന്യജീവി ആക്രമണം മൂലമുണ്ടായ കൃഷിനാശം സംബന്ധിച്ച് 380 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 284 അപേക്ഷകളിലായി 17.64 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. കാറഡുക്കയിൽ കഴിഞ്ഞയാഴ്ചകളിലുണ്ടായ കൃഷിനാശത്തിന്റെ കണക്കുകൾ ഉൾപ്പെടുത്താതെയാണിത്.
ആനശല്യം കണക്കിലെടുത്ത് സ്വകാര്യ വ്യക്തികൾ നിർമിച്ച സോളാർ വേലികൾ വ്യാപകമായി തകർക്കുകയാണ്. ഇത്തരം പ്രതിരോധത്തിനൊന്നും ആനകളെ മാറ്റിനിർത്താൻ കഴിയുന്നുമില്ല. ഇതെല്ലാം കണക്കിലെടുത്താണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളുടെയും സഹകരണത്തോടെ സോളാർ തൂക്കുവേലി നിർമിക്കുന്നത്.
വെള്ളിപ്പാടി മുതൽ കണ്ണാടിത്തോട് വരെ 29 കിലോമീറ്ററിലാണ് തൂക്കുവേലി നിർമിക്കുക. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 3.21 കോടി രൂപയാണ് ചെലവ്. അനുബന്ധ പ്രവർത്തനങ്ങൾക്കായി 90ലക്ഷം രൂപ വേറെയും പ്രതീക്ഷിക്കുന്നു.
ആദ്യഘട്ടമായി വെള്ളിപ്പാടി മുതൽ ചാമക്കുറ്റി വരെ എട്ടു കിലോമീറ്റർ ദൈർഘ്യമുള്ള തൂക്കുവേലിയാണ് നിർമിക്കുന്നത്. ഇതിൽ നാലു കിലോമീറ്റർ പ്രവൃത്തി പൂർത്തിയായി. രണ്ടുകിലോമീറ്ററിൽ ചാർജിങ്ങും പൂർത്തീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 50ലക്ഷമാണ് പദ്ധതിക്കായി നീക്കിവെച്ചത്.
കഴിഞ്ഞവർഷം 40ലക്ഷവും അനുവദിച്ചു. ജില്ല പഞ്ചായത്ത് രണ്ടുവർഷങ്ങളിലായി 20ലക്ഷവും പദ്ധതിക്കായി അനുവദിച്ചു. ബ്ലോക്കിനു കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകൾ ഈ വർഷം എട്ട് ലക്ഷം രൂപ വീതവും കഴിഞ്ഞ വർഷം അഞ്ച് ലക്ഷം വീതവും തൂക്കുവേലി നിർമാണത്തിനായി വകയിരുത്തി.
വനംവകുപ്പിന്റെ കാസർകോട് റേഞ്ചിൽപെട്ട പരപ്പ, ബന്തടുക്ക എന്നിവിടങ്ങളിലും കാഞ്ഞങ്ങാട് റേഞ്ചിൽപെട്ട ഭീമനടിയിലും പനത്തടിയിലും ഫോറസ്റ്റ് സ്റ്റേഷൻ നിർമിക്കുന്നതും സജീവ പരിഗണനയിലാണ്. മേഖലയിലെ വന്യജീവി ആക്രമണം നേരിടുന്നതിന് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ ഫോറസ്റ്റ് സ്റ്റേഷൻ വരുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ.
മുളിയാർ, ദേലംപാടി, ബേഡകം, കുറ്റിക്കോൽ, കാറഡുക്ക ഗ്രാമപഞ്ചായത്തുകളിലെ കാട്ടാനകളെ തുരത്താൻ പ്രത്യേക കർമസേന രൂപവത്കരിക്കാൻ നിർദേശം. വനംവകുപ്പിന്റെ കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്ററുടെ മേൽനോട്ടത്തിലാണ് കർമസേന രൂപവത്കരിക്കുക.
4കണ്ണൂർ, കാസർകോട് ജില്ലകളിലെ ആർ.ടികൾ സേനയിലുണ്ടാകും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.