കാട്ടാനകളെ പുലിപ്പറമ്പ് കടത്തും, തൂക്കുവേലി അടക്കും

കാസർകോട്: കൃത്യമായ ആസൂത്രണത്തിലൂടെ സെപ്റ്റംബറിൽ കാട്ടാനക്കൂട്ടത്തെ പുലിപ്പറമ്പ് കടത്തി ബ്ലോക്ക് പഞ്ചായത്തിന്റെ തൂക്കുവേലി അടച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ തീരുമാനം.കാട്ടാനപ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍മംതൊടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും സർവകക്ഷി യോഗത്തിലാണ് തീരുമാനം.

തുടര്‍ച്ചയായി കാറഡുക്ക പഞ്ചായത്തിലെ കാടകം, കൊട്ടംകുഴി, മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍, ദേലംപാടി പഞ്ചായത്തിലെ ചാമകൊച്ചി, ചെന്നക്കുണ്ട് എന്നിവിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനെ തുടര്‍ന്നാണ് സർവകക്ഷി യോഗം വിളിച്ചത്. കാറഡുക്ക മേഖലയില്‍ ഏഴ് ആനകളുടെ കൂട്ടവും മറ്റിടങ്ങളിലായി മൂന്ന് ആനയുമാണ് നാശം വരുത്തിയത്.

ആനപ്രതിരോധ പദ്ധതിയുമായി ബന്ധപ്പെട്ട സോളാര്‍ തൂക്കുവേലിയുടെ നിർമാണം വേഗത്തിൽ പൂര്‍ത്തീകരിക്കാനും ദൗത്യസംഘം രൂപവത്കരിച്ച് വനവകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടിയും ചേര്‍ന്ന് പത്തോളം ആനകളെ തിരിച്ച് ഉള്‍വനത്തിലേക്ക് തുരുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനം ഊർജിതപ്പെടുത്താനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഓരോ പ്രദേശത്തും സജ്ജമായിട്ടുള്ള ആളുകളുടെ ടീമുകള്‍ രൂപവത്കരിക്കും.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ല ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ബിജു ആനകളെ തുരത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ടി.ജി.സോളമന്‍, ഫോറസ്റ്റ് ഓഫിസര്‍ എന്‍.വി.സത്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.മിനി, അഡ്വ. എ.പി.ഉഷ, കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജനനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി,

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.കെ.നാരായണന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാർദനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.മാധവന്‍, ടി.ഗോപിനാഥന്‍ നായര്‍, ഷെരീഫ് കൊടവഞ്ചി, കെ.കുഞ്ഞിരാമന്‍ ഒളിയത്തടുക്ക, ദാമോദര വെള്ളിഗെ, എ.ചന്ദ്രശേഖരന്‍, കെ.മുരളീധരന്‍, പി.ബാലകൃഷ്ണന്‍, കെ.ശങ്കരന്‍, ശശി മുളിയാര്‍, ടി.ആര്‍.പ്രവീണ്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - wild elephant will be chased away and fences will be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.