കാസർകോട്: തലചായ്ക്കാനൊരിടമെന്ന സ്വപ്നം യാഥാർഥ്യമായിട്ട് ഇവർക്ക് അധികമായില്ല. അപ്പോഴേക്കും ഇതാ വരുന്നു പുതിയ ദുരിതം. വികസനത്തിൻെറ വിലാസത്തിലായതിനാൽ എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിൽക്കുകയാണ് ഈ കോളനിവാസികൾ. 20ഓളം വരുന്ന കുടുംബങ്ങളിൽ ഭൂരിപക്ഷവും സിൽവർ ലൈൻ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടും. സർക്കാറിെൻറ വികസന പദ്ധതിയിൽ കിടപ്പാടം നഷ്ടപ്പെടുന്നതിൽ ആശങ്കയോടെ കഴിയുകയാണ് കോളനിവാസികൾ.
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 21ാം വാർഡ് കീഴൂരിലെ കോളനിവാസികളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. മുസ്ലിം ലീഗ് ശാഖ കമ്മിറ്റി മുൻകൈയെടുത്ത് വാങ്ങിയ ഭൂമിയിൽ സ്ഥാപിച്ച പത്ത് വീടുകൾ ഉൾപ്പെടെയുള്ളതാണ് കോളനി. മൂന്ന് സെൻറ് ഭൂമിയിലെ വീടുകളിലായി അനേകം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വീടുകൾ നഷ്ടപ്പെട്ടാൽ എവിടേക്ക് പോകുമെന്നാണ് ഇവരുടെ ചോദ്യം. സർക്കാറിെൻറ നഷ്ടപരിഹാരം ലഭിച്ചാലും ഇതുപോലെ ഒരു കോളനി ഒരുക്കിത്തരുമോയെന്നാണ് കുടുംബങ്ങൾ ചോദിക്കുന്നത്.
തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ പദ്ധതി സിൽവർ ലൈൻ സ്ഥാപിക്കുന്നതിന് ഈ വീടുകളിൽ ഭൂരിപക്ഷവും നഷ്ടപ്പെടുമെന്ന് വാർഡ് അംഗം അഹമ്മദ് കല്ലട്ര പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. കിടപ്പാടം നഷ്ടപ്പെടുന്നത് ചർച്ച ചെയ്യാൻ അടുത്തദിവസം യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രഗിരി പുഴയോരത്തെ അഞ്ചേക്കറോളം കണ്ടൽക്കാടുകൾ നഷ്ടപ്പെടുന്നത് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. അതിനു തൊട്ടടുത്ത് ഒട്ടേറെ വീടുകളും കുടിയൊഴിപ്പിക്കപ്പെടും. പൂർണമായും ജനവാസ കേന്ദ്രത്തിലൂടെയാണ് ഈ ഭാഗത്ത് പാത കടന്നുപോകുന്നത്.
കീഴൂർ തെരുവത്ത് 200 മീറ്ററിൽ മാത്രം 20 വീടുകൾ നഷ്ടപ്പെടുന്നതായി എ. മുരളി 'മാധ്യമ'ത്തോട് പറഞ്ഞു. അലൈൻമെൻറിൽ നേരിയ മാറ്റം വരുത്തിയാൽപോലും നഷ്ടപ്പെടുന്ന വീടുകളുടെ എണ്ണം കുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.