കാസർകോട്: കോവിഡ് വ്യാപനം തടഞ്ഞുകൊണ്ടുള്ള നിരോധനാജ്ഞ പ്രകാരം അടച്ചിട്ട ജില്ല ആദ്യദിനം സ്തംഭിച്ചു. ഹർത്താലിലും ബന്ദിലും കലാപസമയത്തും നിശ്ചലമാകുന്നതിനെക്കാൾ കൂടുതലായി ജനത്തെ സർക്കാർ വീട്ടിനകത്ത് പൂട്ടിയിട്ടപ്പോൾ പൊലീസ് മാത്രം പുറത്തുനിന്നു.
കാര്യത്തിെൻറ ഗൗരവം മനസ്സിലാകാതെ വാഹനങ്ങളുമായും നടന്നും പുറത്തുകടന്നവർക്ക് ലാത്തിയടിയുമേറ്റു. അക്ഷരാർഥത്തിൽ പൊലീസ് രാജിലായി നഗരം. നിയമം ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് തെരഞ്ഞുപിടിച്ച് അടിച്ചോടിക്കുകയായിരുന്നു. കലക്ടർ നേരിട്ട് രംഗത്തിറങ്ങി പൊലീസിനെ നിയന്ത്രിക്കുന്നതും കാഴ്ചയായി. കണ്ണൂർ-കാസർകോട് ജില്ല അതിർത്തി അടച്ചു. പുറത്തിറങ്ങുന്നവരുടെ ആവശ്യത്തിന് തെളിവു നൽകിയാൽ മാത്രം തുടർയാത്ര അനുവദിച്ചു. മറ്റുള്ളവരെയെല്ലാം തിരിച്ചയച്ചു.
കലക്ടറുടെ നിർദേശത്തെ തുടർന്നാണ് ദേശീയപാതയിൽ കാലിക്കടവ് ആണൂർ പാലത്തിനടുത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. കർണാടകയുമായി അതിർത്തിപങ്കിടുന്ന തലപ്പാടി ദേശീയപാതക്കും താഴ്വീണു. ചരക്കു വാഹനങ്ങളെ കടത്തിവിട്ടു. ഉൾനാടൻ പെട്രോൾപമ്പുകൾ തുറന്നില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വന്തം നാട്ടിലേക്ക് പോയി. സ്വകാര്യ ബസ് സർവിസ് പൂർണമായും നിലച്ചു. 11ഒാടെ മാർക്കറ്റുകൾ തുറന്നത് ആശ്വാസമായി. മെഡിക്കൽ ഷോപ്പുകളിൽ മാസ്കിനും സാനിൈറ്റസറിനും വേണ്ടിയുള്ള തിരക്കുകൾ കാണാമായിരുന്നു. ഇവ മൂന്നിരട്ടിേയാളം വിലക്കാണ് വിറ്റത്.
11ന് തുറന്ന മാർക്കറ്റ് വളരെ വേഗത്തിൽ കാലിയായി. പച്ചക്കറികൾക്കും വില കൂട്ടിയിരുന്നു. ഏതാനും പലചരക്ക് കടകൾ മാത്രമാണ് തുറന്നത്. ഉൾനാടുകളിലും നിരോധനാജ്ഞ ശക്തമായിരുന്നു. ജില്ലയിൽ കാസർകോട് ഒഴികെയുള്ള നഗരങ്ങളിൽ പൊലീസ് നടപടി ഞായറാഴ്ച കൂടുതൽ കർശനമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.