അടിമാലി: ചെറിയ മൊട്ടുസൂചി വാങ്ങണമെങ്കിൽ 10 കിലോമീറ്ററിലധികം ദുർഘട പാത താണ്ടി പുറംനാടുകളിൽ പോകേണ്ടിവന്നവരാണ് കട്ടമുടി ആദിവാസി കോളനിയിലുള്ളവർ. എന്നാൽ, വ്യാപാര സ്ഥാപനങ്ങൾ കടന്നുചെല്ലാത്ത ഇവിടെ ഇപ്പോൾ 10 കടകളുണ്ട്. ഇപ്പോൾ രണ്ട് പലചരക്ക് കട, ചായക്കട, ചിക്കൻ സെന്റർ, തുണിക്കച്ചവടം, സോപ്പ് നിർമാണ യൂനിറ്റ്, നെയ്ത്തുൽപന്നങ്ങൾ, മുട്ടക്കച്ചവടം, പച്ചക്കറി കട, പലഹാര നിർമാണ യൂനിറ്റ് എന്നിങ്ങനെ സ്ഥാപനങ്ങളാണ് ആദിവാസികൾ മാത്രം വസിക്കുന്ന ഈ കൊച്ചുഗ്രാമത്തിൽ പ്രവർത്തിക്കുന്നത്.
കുടുംബശ്രീയിലെ മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് സന്ധ്യ ജയേഷിന്റെ നേതൃത്വത്തിലാണ് കട്ടമുടിയിൽ 10 മൈക്രോ സംരംഭങ്ങൾ തുടങ്ങിയത്. രണ്ട് മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ ഇവയെല്ലാം ഇപ്പോൾ ലാഭത്തിലാണ്. കുടുംബശ്രീ പ്രവർത്തനം അശരണർക്ക് എങ്ങനെ അത്താണിയാകാം എന്ന് തെളിയിക്കുകയാണ് അടിമാലി പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ പ്രവർത്തകർ.
ആർ.കെ.ഐ-ഇ.ഡി.പി പദ്ധതിയിൽ അടിമാലി ബ്ലോക്കിന് കീഴിൽ 900ത്തിൽപരം സംരംഭങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. സ്റ്റുഡിയോ, വെളിച്ചെണ്ണ യൂനിറ്റ്, കൃഷിക്കായി ഇരുമ്പ് പണിയായുധ യൂനിറ്റ്, പ്രസവ ശേഷം നൽകുന്ന മരുന്ന് നിർമാണ യൂനിറ്റ്, കൊട്ട, വട്ടി, മുറം, പനമ്പ് യൂനിറ്റുകൾ തുടങ്ങി സ്വയംസംരംഭങ്ങളും കൂട്ടുസംരംഭങ്ങളും തുടങ്ങി അശരണരെ മുഖ്യധാരയിലേക്ക് ഉയർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ആദിവാസി സങ്കേതത്തെ ഏറ്റെടുക്കാനുള്ള തീരുമാനവും തുടങ്ങിയ സംരംഭങ്ങൾ മികച്ച നിലയിൽ പ്രവർത്തിച്ചതും മൂലമാണ് സംരംഭം വിജയകരമായതെന്ന് അടിമാലി സി.ഡി.എസ് ചെയർപേഴ്സൻ ജിഷ സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.