മലപ്പുറം: കേരളം നടുങ്ങിയ പ്രകൃതി ദുരന്തം നടന്ന കവളപ്പാറ ദുരന്ത ഭൂമി പതിയെ പച്ച തൊട്ടു തുടങ്ങിയിരിക്കുന്നു. 59 പേരുടെ ജീവനും 42 വീടുകളും മണ്ണടരുകളിലേക്ക് വലിച്ചിട്ട മുത്തപ്പൻ കുന്നിൽ മഴനീർ തുള്ളികൾ വീണതോടെ ജീവെൻറ ഉയിർപ്പുകളാണെങ്ങും. ചെമ്മൺ കുന്നുകൾക്ക് മുകളിൽ പുൽക്കൊടികളും പാഴ്ചെടികളും മുള പൊട്ടിയിട്ടുണ്ട്. പ്രകൃതിയുടെ തിരിച്ചു നടത്തം.
2019 ആഗസ്റ്റ് എട്ടിന് രാത്രിയാണ് കുറെ മനുഷ്യ ജീവിതങ്ങൾ തകർത്തെറിഞ്ഞ ദുരന്തമുണ്ടായത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലും 48 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് മണ്ണ് തിരിച്ചു തന്നത്. ബാക്കി 11 പേർ ഒഴുകിപ്പരന്ന മൺകൂമ്പാരങ്ങൾക്കടിയിൽ എവിടെയോ കിടപ്പുണ്ട്. മാസങ്ങൾക്കിപ്പുറവും ദുരന്ത ഭൂമി നിശ്ചലമാണ്. തോട് നീർച്ചാലായി കിടപ്പുണ്ട്. കാലവർഷത്തിന് മുമ്പ് തോടിെൻറ സ്വാഭാവിക ഒഴുക്കിന് വഴിയൊരുക്കുമെന്നും കയർ വസ്ത്രം അണിയിക്കുമെന്നുമൊക്കെ അധികൃതർ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നടത്തിയ വാഗ്ദാനം മണ്ണിനടിയിലായി.
ദുരന്തത്തിനിരയായി ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആദിവാസികൾ അടക്കം 67 കുടുംബങ്ങൾക്ക് വീടുവെക്കാൻ ജില്ല ഭരണകൂടം കണ്ടെത്തിയ സ്വകാര്യ ഭൂമി വിലയ്ക്കു വാങ്ങാൻ സർക്കാർ അനുമതി നൽകിയെങ്കിലും അത് പിന്നീട് റദ്ദാക്കി. പീപ്പ്ൾസ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന സൗജന്യമായി വീടുകൾ നിർമിച്ചു നൽകാൻ സന്നദ്ധമായെങ്കിലും സർക്കാറിന് സ്വീകാര്യമായില്ല. കവളപ്പാറക്കാരിപ്പോഴും ഭൂമിയും കിടപ്പാടവുമില്ലാത്തവരാണ്.
വീടും സ്ഥലവും നഷ്ടമായവർ അടക്കം 154 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. നൂലാമാലകളിൽ കുരുങ്ങി അതിപ്പോഴും നീണ്ടു പോവുകയാണ്. ഇതൊന്നുമറിയാതെ മുത്തപ്പൻ കുന്നിൽ നിന്ന് അടർന്ന മൺകുന്നുകൾ നിറഭേദങ്ങൾ തീർക്കുകയാണിപ്പോൾ.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.