ബി.ജെ.പിയുടെ വിരട്ടൽ കോൺഗ്രസിനോട് വേണ്ട -കെ.സി. വേണുഗോപാൽ

കോഴിക്കോട്: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഭരണ സ്വാധീനം ഉപയോ​ഗിച്ച് കേന്ദ്ര ഏജൻസികളെ രാഷ്‌ട്രീയമായി ഉപയോ​ഗിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​​ഗോപാൽ എംപി. അതിന്റെ ഭാ​ഗമാണ് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെയും മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെയും എൻഫോഴ്സ്മെന്റ് അധികൃതർ അകാരണമായി ചോദ്യം ചെയ്യുന്നത്. വിരട്ടൽ രാഷ്‌ട്രീയമാണ് ബിജെപി കളി‌ക്കുന്നത്. എന്നാൽ ഈ വിരട്ടൽ കോൺഗ്രസിനോടു വേണ്ടെന്ന് വേണു​ഗോപാൽ പറഞ്ഞു. രണ്ടു ദിവസം നീളുന്ന കെപിസിസി നവയു​ഗ് ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്തു പ്രസം​ഗിക്കുകയായിരുന്നു വേണു ​ഗോപാൽ.

ബിജെപി അധികാരത്തിൽ വന്നാൽ ഫാഷിസം വരുമെന്ന് നമ്മൾ ഭയപ്പെട്ടു. ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. സമസ്ത മേഖലകളിലും ഫാഷിസത്തിന്റെ കടന്നുകയറ്റമാണ്. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു. സാധാരണക്കാരെ ബാധിക്കുന്ന ഒരു കാര്യത്തിലും ചർച്ച പോലും നടത്താതെ ഭീഷണിപ്പെടുത്തുന്നു. ജനങ്ങൾ നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം, വർ​ഗീയ വെല്ലുവിളികൾ, മഹാമാരി മൂലമുള്ള പ്രശ്നങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കൊന്നും ഒരു ചർച്ച പോലും അനുവദിക്കുന്നില്ല.

പ്രതിഷേധിക്കുന്ന ചോദ്യങ്ങളെ നിശബ്ദമാക്കുന്നു. അതിനു മുതിരുന്ന പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കാൻ തയാറെടുക്കുന്നു. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വർ​ഗീയ ഫാഷിസ്റ്റ് ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്നു വേണു​ഗോപാൽ പറഞ്ഞു.

കേന്ദ്രത്തിനു സമാനമായ ഏകാധിപത്യ ഫാഷിസ്റ്റ് ഭരണമാണ് കേരളത്തിലും നടക്കുന്നത്. ഇ.കെ നായനാരും വി.എസ്. അച്യുതാനന്ദനുമൊക്കെ പാർട്ടിക്കു വിധേയമായിട്ടാണ് ഭരണം നടത്തിയിരുന്നത്. അതുകൊണ്ട് ഭരണത്തിൽ പിശകു സംഭവിക്കുമ്പോൾ പാർട്ടി ഇടപെടുമായിരുന്നു. എന്നാൽ കഴിഞ്ഞ ആറു വർഷമായി കേ‌രളം ഭരിക്കുന്ന പിണറായി സർക്കാർ സി.പി.എമ്മിനെ ഇരുട്ടിൽ നിർത്തുകയാണ്.

ഭരണത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ഏകാധിപത്യവും പ്രകടമായിട്ടും സി.പി.എമ്മിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ കേരളം നാശത്തിലേക്കു നീങ്ങുകയാണ്. അതിനെതിരായ ചെറുത്തു നില്പിനാണ് കോൺ​ഗ്രസ് തയാറെടുക്കേണ്ടത്. കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്ന അത്തരത്തിലുള്ള മുഴുവൻ പ്രചാരണങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഹൈക്കമാൻഡിന്റെ പിന്തുണ ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ​ഗാന്ധിയെ വീട്ടിലെത്തി ചോദ്യം ചെയ്യുമെന്നാണ് എൻഫോഴ്സ്മെന്റ് അറിയിച്ചത്. എന്നാൽ അതു വേണ്ട താൻ നേരിട്ടു ഹാജരായി മറുപടി നൽകാമെന്നു പറഞ്ഞത് സോണിയ ആണ്. എന്നിട്ടും പാർട്ടി ആസ്ഥാനത്തടക്കം നിരോധനാജ്ഞ ഏർപ്പെടുത്തി പാർട്ടി പ്രവർത്തകരെ പേടിപ്പിക്കാനാണ് അമിത് ഷായും നരേന്ദ്ര മോദിയും ശ്രമിച്ചത്. അത്തരം വിരട്ടലൊന്നും കോൺ​ഗ്രസിനോടു വേണ്ട.

ഈ മാസം 26ന് വീണ്ടും സോണിയ ​ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരാകും. അന്ന് രാജ്യത്തെമ്പാടും കോൺ​ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെല്ലാം ​സംസ്ഥാന തലസ്ഥാനത്ത് ഉപവസിക്കും. കേരളത്തിൽ തിരുവനന്തപുരത്തെ ​ഗാന്ധി പ്രതിമയ്ക്കു മുന്നിലാവും സത്യ​ഗ്രഹം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണകർത്താക്കളടക്കം പാർട്ടിയുടെ മുഴുവൻ നേതാക്കളും ഈ സ‌ത്യ​ഗ്രഹത്തിൽ പങ്കെടുക്കണമെന്നും വേണു​ഗോപാൽ ആവശ്യപ്പെട്ടു.

Tags:    
News Summary - K.C Venugopal against bjp and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.