തിരുവനന്തപുരം: ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോണ്ഗ്രസ് (ബി) എൻ.സി.പിയിൽ ലയിക്കാൻ നീക്കം നടത്തുന്നതായി സൂചന. എന്നാൽ, ഇരുപാർട്ടികളുടെയും നേതാക്കൾ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അണിയറയിൽ ലയനനീക്കം ശക്തമാണെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തൽ. എൻ.സി.പിയും കേരള കോൺഗ്രസ് ബി നേതൃത്വവും ഇതുസംബന്ധിച്ച് പലവട്ടം ചർച്ച നടത്തിയതായാണ് പ്രചാരണം. ലയനനീക്കത്തിന് പിന്നിൽ എൻ.സി.പിയിലെ തോമസ് ചാണ്ടി വിഭാഗമാണത്രെ. ലയനത്തിലൂടെ എൻ.സി.പിയുടെ അക്കൗണ്ടിൽ കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കാനാണ് നീക്കമെന്നും ഇതിന് എൻ.സി.പി കേന്ദ്രനേതൃത്വത്തിെൻറ സമ്മതമുണ്ടെന്നുമാണ് സൂചന.
നിലവിൽ രണ്ട് എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്; എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും. ഇതിൽ ശശീന്ദ്രൻ ഫോൺ കെണിയിലും തോമസ് ചാണ്ടി ഭൂമി വിവാദത്തിലുംപെട്ട് മന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതരായി. ഇതോടെ മന്ത്രിയാക്കാൻ എം.എൽ.എയില്ലാത്ത സാഹചര്യമാണുള്ളത്. അതിനാൽ മുന്നണിയിൽ ഉൾപ്പെടാതെ ഇടതുപക്ഷവുമായി സഹകരിച്ച് നിൽക്കുന്ന എം.എൽ.എമാരിൽ ആരെയെങ്കിലും പാർട്ടിയിലെത്തിച്ച് മന്ത്രിയാക്കാനുള്ള നീക്കമാണ് എൻ.സി.പി നടത്തുന്നത്. അടുത്തദിവസം നടക്കുന്ന എൻ.സി.പി നേതൃയോഗവും അടുത്തമാസം ആദ്യം നടക്കുന്ന കേരള കോൺഗ്രസ് ബി യോഗവും ഇൗ വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. അതിനുശേഷം ആർ. ബാലകൃഷ്ണപിള്ള എൻ.സി.പി അധ്യക്ഷൻ ശരത്പവാറുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്. എന്നാൽ, ലയനം സംബന്ധിച്ച് ഒരു നീക്കവും നടന്നിട്ടില്ലെന്നാണ് ആർ. ബാലകൃഷ്ണപിള്ള പ്രതികരിച്ചത്. തങ്ങൾ ഇപ്പോൾ ഇടതുമുന്നണിയുടെ ഭാഗമല്ല. ലയനത്തിലൂടെ മുന്നണിയിലെത്താനുള്ള യാതൊരു നീക്കവും പാർട്ടി നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലയനവാര്ത്തകളെ കെ.ബി. ഗണേഷ്കുമാറും തള്ളി.
എൻ.സി.പിയുമായി ഒരുതരത്തിലുമുള്ള ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയാകാൻ തനിക്ക് താൽപര്യമില്ല. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. പാർട്ടി പിളർത്താൻ ഒരു നീക്കവും നടത്തിയിട്ടില്ല. ഇടതുമുന്നണിക്ക് താൽപര്യമുണ്ടെങ്കിൽ കേരള കോൺഗ്രസ് ബിയുടെ പ്രതിനിധി ആയിത്തന്നെ മന്ത്രിസഭയിൽ എത്തുമെന്നും ഗണേശൻ പറഞ്ഞു. എൻ.സി.പി അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റും ഇൗ ലയനനീക്കം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ലയനം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതവരാത്തതിനാലാണ് ഇരുപാർട്ടികളുടെയും നേതൃത്വം പ്രതികരിക്കാത്തതെന്നും ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് (ബി) ലയിച്ചില്ലെങ്കിൽ എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ചവറ വിജയൻപിള്ള എന്നിവരിൽ ആരെയെങ്കിലും പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. എ.കെ. ശശീന്ദ്രൻ മന്ത്രിയായി മടങ്ങിയെത്തുന്നതിന് തടയിടുകയെന്നലക്ഷ്യവുമായി എൻ.സി.പിയിലെ ഒരുവിഭാഗവും ഇൗ നീക്കത്തിന് പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.