കൊച്ചി: മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ 27ന് സംസ്ഥാന വ്യാപകമായി തീരദേശ ഹർത്താൽ നടത്താൻ മത്സ്യത്തൊഴിലാളികൾ. എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന മത്സ്യ മേഖല സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി യോഗത്തിലാണ് തീരുമാനം. കരാർ പിൻവലിക്കുന്നതുവരെ 'അറബിക്കടലിലെ അമേരിക്കൻ മോഡലിനെ ചെറുക്കുക' എന്ന മുദ്രാവാക്യമുയർത്തി സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഹർത്താലിൽ എല്ലാ മത്സ്യത്തൊഴിലാളികളും പണിമുടക്കുകയും ഹാർബറുകൾ സ്തംഭിക്കുകയും ചെയ്യും. 22ന് തോപ്പുംപടിയിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
25ന് മൂന്ന് മേഖല കൺവെൻഷൻ നടക്കും. ഹർത്താലിനുശേഷവും കരാർ റദ്ദാക്കിയില്ലെങ്കിൽ കേരളം ഇന്നുവരെ കാണാത്ത ശക്തമായ പ്രക്ഷോഭം നടക്കുമെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. മത്സ്യമേഖല സംരക്ഷണ സമിതി രക്ഷാധികാരികളായി എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി, മുൻ എം.എൽ.എ വി. ദിനകരൻ, ഫാ. യൂജിൻ പെരേര എന്നിവരെ തെരഞ്ഞെടുത്തു.
ജോസഫ് സേവ്യർ കളപ്പുരക്കൽ ചെയർമാനും അഡ്വ. കെ.കെ. രാധാകൃഷ്ണൻ, ഉമർ ഒട്ടുമ്മൽ എന്നിവർ വർക്കിങ് െചയർമാൻമാരുമായിരിക്കും. ചാൾസ് ജോർജ് വർക്കിങ് കൺവീനറും എം. നൗഷാദ് ട്രഷററുമാണ്. കരാർ റദ്ദാക്കി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നതുവരെ പ്രക്ഷോഭം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.