തിരുവനന്തപുരം: ജനങ്ങളുടെ രോഷത്തിൽനിന്ന് മുഖംരക്ഷിക്കാനാണ് പ്രവാസികൾക്ക് മടങ്ങിവരാൻ പി.പി.ഇ കിറ്റ് മതി എന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ എത്തിച്ചേർന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികൾ വരരുത് എന്ന മനോഭാവത്തോടെയാണ് സർക്കാർ ആദ്യംമുതലേ പ്രവർത്തിച്ചത്. ഇതിനെതിരായ പ്രതിപക്ഷത്തിെൻറ ശക്തമായ സമരവും പ്രവാസിലോകത്തെ പ്രതിഷേധവുമാണ് ഇപ്പോൾ മന്ത്രിസഭ പുതിയ തീരുമാനം എടുക്കാൻ കാരണം.
സംസ്ഥാന സർക്കാറിെൻറ ഇന്നത്തെ മന്ത്രിസഭ തീരുമാനം അവർ നേരത്തെ പറഞ്ഞെതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ്. തീരുമാനങ്ങൾ എടുക്കുേമ്പാൾ സ്വീകരിക്കേണ്ട ജാഗ്രത പ്രവാസികളുടെ കാര്യത്തിൽ സ്വീകരിച്ചില്ല. കോവിഡ് ടെസ്റ്റ് നടത്തണമെന്ന ആവശ്യത്തിനെതിരെ പ്രതിഷേധമുയർന്നപ്പോഴാണ് ട്രൂനാറ്റ് പരിശോധന മതി എന്ന നിർദേശം വെച്ചത്. പക്ഷെ, അത് കേന്ദ്ര സർക്കാർ നിരാകരിച്ചു. കോവിഡ് രോഗികളെ മാത്രമായി പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്ന ആവശ്യവും കേന്ദ്രം വിസമ്മതിച്ചു.
ഓരോ രാജ്യങ്ങളിലും ഓരോ നിയമങ്ങളാണ് നിലനിൽക്കുന്നതെന്നും അതിനനസരിച്ച് വേണം കാര്യങ്ങൾ തീരുമേനിക്കേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അതൊന്നും ചെവികൊള്ളാതെയാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ട്രൂനാറ്റ് സംവിധാനം പോലുള്ള തീരുമാനങ്ങളിൽ സർക്കാർ എത്തിയത്.
എന്തുകൊണ്ട് സർക്കാറിെൻറയും നോർക്കയുടെയും ലോക കേരള സഭയുടെയുമെല്ലാം നേതൃത്വത്തിൽ വിമാനം ചാർട്ട് ചെയ്ത് പ്രവാസികളെ കൊണ്ടുവരുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. കേന്ദ്ര സർക്കാറിനോട് വന്ദേഭാരത് മിഷൻ വഴി കൂടുതൽ വിമാനങ്ങൾ ആവശ്യപ്പെടണം. ജംബോ ജെറ്റ് വിമാനങ്ങൾ കൂടുതൽ ഓടിച്ച് കൂടുതൽ പേരെ കൊണ്ടുവരാനും ശ്രമിക്കണം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവാസിവിരുദ്ധ നടപടികൾക്കെതിരെയാണ് പ്രതിപക്ഷം സമരം ചെയ്യുന്നത്. വ്യാഴാഴ്ച സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും രണ്ടാംഘട്ട സമരം തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.