5,000 കോടി കടമെടുക്കാന്‍ കേരളം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന കേരളം 5,000 കോടിയോളം രൂപ പുറംവായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി തേടുന്നു. അടുത്ത ബജറ്റ് തയാറാക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ധനമന്ത്രി തോമസ് ഐസക് ബുധനാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെടും.

കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് പുറത്തുനിന്ന് കടമെടുക്കാന്‍ പറ്റില്ല. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ മൂന്നു ശതമാനം കടമെടുക്കാനാണ് സംസ്ഥാനങ്ങള്‍ക്കുള്ള അനുമതി. സാമ്പത്തിക അച്ചടക്ക- ബജറ്റ് നിര്‍വഹണ (എഫ്.ആര്‍.ബി.എം) നിയമപ്രകാരമുള്ള കടമെടുപ്പു പരിധി ഒരു ശതമാനം വര്‍ധിപ്പിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. 18,000 കോടിയോളം രൂപയാണ് ഇതുപ്രകാരം കേരളത്തിന് എടുക്കാന്‍ കഴിയുന്ന പുറംവായ്പ. പരിധി കൂട്ടാതെ കൂടുതല്‍ വായ്പ എടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം.

നോട്ട് അസാധുവാക്കല്‍ വഴി 2008ന് സമാനമായതോ അതിനെക്കാള്‍ തീവ്രതയുള്ളതോ ആയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന ആശങ്കയാണ് ധനമന്ത്രി തോമസ് ഐസക് പങ്കുവെക്കുന്നത്. വലിയ വരുമാന നഷ്ടമാണ് കേരളം നേരിടുന്നത്. പദ്ധതി നിര്‍വഹണത്തിന് ബജറ്റില്‍ മതിയായ തുക നീക്കിവെക്കാന്‍ വായ്പപരിധി വര്‍ധിപ്പിക്കുകയല്ലാതെ വഴിയില്ല. വിവിധ മേഖലകള്‍ക്കായി ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.  
കേന്ദ്രബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസ്ഥാന ധനമന്ത്രിമാരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഫെബ്രുവരി ഒന്നിനാണ് ഇത്തവണ കേന്ദ്രബജറ്റ്. നോട്ട് അസാധുവാക്കല്‍ വഴിയുള്ള സാമ്പത്തിക മാന്ദ്യം മുന്‍നിര്‍ത്തി കേന്ദ്രത്തിന്‍െറ സഹായ പാക്കേജ് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കൃഷിക്കാര്‍ക്ക് കടാശ്വാസം പ്രഖ്യാപിക്കുക, തൊഴിലുറപ്പു പദ്ധതി വേതനം ഇരട്ടിയാക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിക്കുന്നുണ്ട്.

പുതുതായി രൂപപ്പെട്ട മാന്ദ്യം ജനങ്ങളുടെ ക്രയശേഷിയെ സാരമായി ബാധിച്ചുവെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. വാണിജ്യരംഗം തളര്‍ന്നു. കൂലി കിട്ടാന്‍ പ്രയാസപ്പെടുന്ന സ്ഥിതി തൊഴിലാളികളുടെയും വരുമാനത്തെ ബാധിച്ചു. കഴിഞ്ഞ മാസങ്ങളില്‍ ഉല്‍പാദനം കുറക്കാത്തതു കൊണ്ട് നിര്‍മാണ വ്യവസായങ്ങളിലെ പ്രതിസന്ധി അനുഭവപ്പെട്ടില്ല. എന്നാല്‍, വിപണി ഉണരാത്തതുകൊണ്ട് ഉല്‍പാദനം കുറക്കാനും ലേ ഓഫിനും തൊഴില്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാവുന്നു. തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാവുന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - kerala govt will request to central govt for money loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.