കൊച്ചി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച് ചികിത്സയിലിരുന്ന ഇംറാൻ മുഹമ്മദിനുവേണ്ടി പിരിച്ചെടുത്ത 15 കോടിയോളം രൂപ എന്ത് ചെയ്തെന്ന് ഹൈകോടതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അഞ്ചുമാസം പ്രായമുള്ള ഇംറാൻ മരിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇതിൽ സർക്കാറിനോട് വിശദീകരണം തേടിയത്.
ഈ തുക മറ്റ് കുട്ടികളുടെ ചികിത്സക്ക് ഉപയോഗപ്പെടുത്താനാവില്ലേയെന്നും ആരാഞ്ഞു. ചികിത്സക്ക് സർക്കാർ സഹായം തേടി ഇംറാെൻറ പിതാവും അപൂർവ രോഗങ്ങളുടെ ചികിത്സക്ക് മതിയായ സഹായം നൽകാൻ നടപടി ആവശ്യപ്പെട്ട് ലൈസോസോമൽ സ്റ്റോറേജ് ഡിസോർഡേഴ്സ് സപ്പോർട്ട് സൊസൈറ്റിയടക്കമുള്ളവരും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
അപൂർവ രോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സാ സഹായം നൽകാനായി തുടങ്ങിയ പ്രത്യേക അക്കൗണ്ടിലേക്ക് സംസ്ഥാന സർക്കാർ 50 ലക്ഷം നിക്ഷേപിച്ച് ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഫണ്ട് കൈമാറ്റം സാധിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച കേസ് പരിഗണിക്കവേ സർക്കാർ അറിയിച്ചു.
സർക്കാർ വിഹിതമായ ഈ തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച് റിപ്പോർട്ട് നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി നിർദേശിച്ചിരുന്നു. തിങ്കളാഴ്ചക്കകം ഇതിന് നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.