സുരേന്ദ്രന് ഹൈകോടതിയുടെ തിരിച്ചടി: രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെ?

കൊച്ചി: ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ ഗവർണർക്കെതിരെ നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ ഹൈകോടതിയിൽ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ സമർപ്പിച്ച ഹരജിക്ക് തിരിച്ചടി. മാർച്ചിൽനിന്ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും വി​ല​ക്ക​ണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി നൽകിയത്.

എന്നാൽ, കേസ് പരിഗണിച്ച കോടതി കെ. സുരേന്ദ്രനെ വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു. മാർച്ച് തടയാൻ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

സർക്കാർ ജീവനക്കാരെ രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സർക്കാർ ജീവനക്കാർ ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹാജർ ഉറപ്പുവരുത്തിയാണ് ജീവനക്കാരെ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ ഇന്നലെ ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

അതിനിടെ, കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ പതിനായിരങ്ങൾ പ​ങ്കെടുത്തു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ ജനാധിപത്യവിരുദ്ധമായ രീതിയിൽ കേന്ദ്ര ഗവർമെന്‍റിന്‍റെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി നീക്കമാണ് ഗവർണർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ നിലപാടുകൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നത് കേരളത്തിൽ മാത്രമുള്ള സാഹചര്യമല്ല. തമിഴ്നാട്ടിലും ബംഗാളിലും ഇതേ സാഹചര്യമാണ്. നേരത്തെ മഹാരാഷ്ട്രയിലും സമാന സാഹചര്യമായിരുന്നു. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽപെട്ട വിഷയമാണ്. അതിൽ എന്ത് നിയമമുണ്ടാക്കണമെങ്കിലും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. അത് പാർലമെന്‍റ് അംഗീകരിച്ചതാണ്. 30 വർഷവുമായി ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധമുണ്ട്. വ്യക്തിപരമായല്ല, നയപരമായ വിയോജിപ്പാണ് ഗവർണറുമായുള്ളത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉന്നതമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നോട്ട് പോയി. അതിൽ നിർണായക പങ്കുവഹിച്ചത് ഇടതുപക്ഷ സർക്കാറാണ്. കേരളത്തിന്‍റെ വിദ്യാഭ്യാസ നേട്ടത്തെ അട്ടിമറിക്കാനാണ് ശ്രമം. യു.ജി.സി നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രീകരണമാണ് നടപ്പാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

Tags:    
News Summary - Kerala High court rejects k surendran's petition against ldf Raj Bhavan march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.