ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം. സംസ്ഥാനത്തിന്റെ ആശങ്ക മേൽനോട്ട സമിതി പരിഗണിച്ചില്ലെന്ന് സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.
മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കേരളം അറിയിച്ചു. തമിഴ്നാട് തയാറാക്കിയ റൂൾകർവ് സ്വീകാര്യമല്ല. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണം. ശാശ്വത പരിഹാരം പുതിയ ഡാമാണെന്നും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ ഈ മാസത്തെ റൂൾ കർവ് പ്രകാരം അംഗീകരിച്ച 138 അടി ജലനിരപ്പിൽ മാറ്റം വേണ്ടെന്നാണ് മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. കേസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് നിലപാട് ഇന്ന് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.