ആറാട്ടുപുഴ (ആലപ്പുഴ): കാർത്തികപ്പള്ളി മുതുകുളം പഞ്ചായത്തുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ സി.പി.എമ്മിന് ഏറ്റത് കനത്ത ആഘാതം. ഇരുപഞ്ചായത്തിലേയും ഇടതുമുന്നണിയുടെ ഭരണം ഇതോടെ തുലാസിലായി. ഭാഗ്യം കൈവിട്ടാൽ ഇരുപഞ്ചായത്തുകളിലെയും അധികാരം സി.പി.എമ്മിന് നഷ്ടമാകും. സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഈ പഞ്ചായത്തുകൾ സി.പി.എം ഭരിച്ചിരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
പാർട്ടി നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ബി.ജെ.പി അംഗം ജി.എസ്. ബൈജു രാജിവച്ചതാണ് മുതുകുളം നാലാംവാർഡിൽ തെരഞ്ഞെടുപ്പിന് കാരണമായത്. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന ബൈജുവായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.
ഫലം ഭരണത്തിൽ നിർണായകമാകാൻ സാധ്യതയുള്ളതിനാൽ പാർട്ടികൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. ആകെ പോൾ ചെയ്ത 955 വോട്ടിൽ 487 വോട്ട് നേടി ബൈജു വീണ്ടും ജേതാവായി. എൽ.ഡി.എഫ് സ്ഥാനാർഥി മധുകുമാർ (അയ്യപ്പൻ) 384 വോട്ട് തേടി രണ്ടാം സ്ഥാനം നേടിയപ്പോൾ സിറ്റിങ്ങ് സീറ്റ് നിലനിർത്താൻ പൊരുതിയ ബി.ജെ.പി സ്ഥാനാർഥി ജയേഷ് ജനാർദ്ദനൻ 69 വോട്ടു മാത്രം നേടി നാണംകെട്ടു.
പതിനഞ്ചംഗ പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എമ്മിനും കോൺഗ്രസിനും അഞ്ച് അംഗങ്ങൾ വീതമാണുള്ളത്. ജി.എസ്. ബൈജു രാജിവച്ചതോടെ ബി.ജെ.പിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ സി.പി.എമ്മാണ് ഭരണം നടത്തിവന്നത്. ഇത്തവണ വിജയത്തോടെ യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ സി.പി.എമ്മിന്റെ ഭരണം തുലാസിലായി. സ്വതന്ത്രൻ കാലുമാറുകയോ നറുക്കെടുപ്പിന്റെ ഭാഗ്യം കൈവിടുകയോ ചെയ്താൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകും.
കാർത്തികപ്പള്ളിയിൽ ബി.ജെ.പി സി.പി.എമ്മിന് ഏൽപിച്ച ആഘാതം കനത്തതായിരുന്നു. കുത്തക സീറ്റിൽ ദയനീയ പരാജയമാണ് സി.പി.എം ഏറ്റുവാങ്ങിയത്. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എമ്മിലെ ജിമ്മി വി. കൈപ്പള്ളിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിദേശത്ത് പോയതിനെ തുടർന്ന് തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരാകാതിരുന്നതാണ് അയോഗ്യനാക്കാൻ കാരണം.
ആകെ പോൾ ചെയ്ത 659 വോട്ടിൽ 286 വോട്ട് നേടി ബി.ജെ.പി സ്ഥാനാർഥി പി. ഉല്ലാസാണ് സി.പി.എം കോട്ടയിൽ ജയിച്ചത്. 209 വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർത്ഥി എലിസബത്ത് അലക്സാണ്ടർ രണ്ടാം സ്ഥാനം നേടിയപ്പോൾ 164 വോട്ട് മാത്രം നേടി ഇടതുമുന്നണിയുടെ കുരുവിള കോശി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ സ്വതന്ത്രയുടെ പിന്തുണയോടെയാണ് ഈ പഞ്ചായത്തും എൽ.ഡി.എഫ് ഭരിക്കുന്നത്.
അഞ്ച് അംഗങ്ങളും ഒരു സ്വതന്ത്രയും ഉൾപ്പെടെ ആറുപേരാണ് എൽ.ഡി.എഫിനുള്ളത്. കോൺഗ്രസിന് മൂന്ന് അംഗങ്ങളുണ്ട്. നാല് സീറ്റുള്ള ബി.ജെ.പി.ക്ക് ഒരു സീറ്റ് വർധിച്ചതോടെ എൽ.ഡി.എഫിന് ഒപ്പം എത്തി. പതിറ്റാണ്ടുകളായി ഇടതു മുന്നണി കുത്തകയാക്കി വെച്ചിരിക്കുന്ന കാർത്തികപ്പള്ളിയിലെ പഞ്ചായത്ത് ഭരണം ഭാഗ്യപരീക്ഷണത്തിൽ അട്ടിമറിയുമോയെന്ന ആശങ്ക ഇടതു മുന്നണിയുടെ നെഞ്ചിടിപ്പേറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.