കേരള മുസ്​ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച മലപ്പുറത്ത്

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്​ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മലപ്പുറത്ത്​ ആദർശ സമ്മേളനം സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം വലിയങ്ങാടിയിൽ വൈകീട്ട്​ 4.30ന്​ കേരള മുസ്‍ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത (കാന്തപുരം വിഭാഗം) പ്രസിഡന്‍റ്​ ഇ. സുലൈമാന്‍ മുസ്​ലിയാര്‍ അധ്യക്ഷത വഹിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്​ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവർ സംസാരിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ആദര്‍ശപ്രചാരണത്തിന്‍റെ തുടര്‍ച്ചയായാണ് സമ്മേളനമെന്ന്​ ഭാരവാഹികൾ പറഞ്ഞു. അതേസമയം, കോഴിക്കോട്​ സമാപിച്ച മുജാഹിദ്​ സംസ്ഥാന സമ്മേളനത്തിൽ ഉന്നയിച്ച ചില വിഷയങ്ങൾക്കുള്ള വിശദീകരണവും സമ്മേളനത്തിലുണ്ടാകും. മുജാഹിദ്​ സമ്മേളനത്തിനുള്ള മറുപടിയായി പരിപാടിയെ കാണാമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി അവർ പറഞ്ഞു.

മുസ്​ലിം ജമാഅത്തിന്​ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെന്നും മതസംഘടനയുടെ പരിധിയിൽ നിന്നുകൊണ്ടാണ്​ രാഷ്ട്രീയ നിലപാടുകൾ എടുക്കുകയെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സി.പി. സെയ്തലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പി.എം. മുസ്തഫ കോഡൂര്‍ എന്നിവർ സംബന്ധിച്ചു. 

Tags:    
News Summary - Kerala Muslim Jamaat conference in Malappuram on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.