ആലപ്പുഴ:ആറു പതിറ്റാണ്ടു മുമ്പൊരു സായന്തനത്തില്‍ ഓലമടലിന്‍െറ ആയിരം തുഞ്ചാണികള്‍ കൂട്ടി കൊളുത്തിയ തീവെട്ടത്തില്‍ ഏറ്റുവാങ്ങിയ സ്വീകരണത്തിന്‍െറ ചെങ്കനലാര്‍ന്ന ഓര്‍മയാണ് കേരളം അറുപതിലേക്ക് കടക്കുമ്പോള്‍ മലയാളിയുടെ വിപ്ളവനായികയുടെ മനസ്സില്‍. ’57ല്‍ അധികാരത്തിലേറിയ ഇ.എം.എസ് മന്ത്രിസഭയിലെ ഏക വനിതാ അംഗമായിരുന്നു കെ.ആര്‍. ഗൗരിയമ്മ. സി. അച്യുതമേനോന്‍, ടി.വി. തോമസ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആര്‍. മേനോന്‍, വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയ അതികായര്‍ക്കൊപ്പം ഗൗരിയമ്മയെന്ന തീപ്പൊരിയും മന്ത്രിക്കസേരയിലമര്‍ന്ന നാള്‍.
‘‘മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി നാട്ടിലത്തെിയപ്പോള്‍ പലയിടത്തും സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു. രാത്രിയിലെ സ്വീകരണങ്ങളാകട്ടെ, പെട്രോമാക്സിന്‍െറ വെളിച്ചത്തില്‍. പരിപാടിക്ക് പെട്രോമാക്സ് കൊടുക്കാതിരിക്കാന്‍ പലരും ശ്രമിച്ചു. ചേര്‍ത്തലയില്‍ ഒരു ജൂതവംശജനായ കോച്ചയെന്ന ജന്മിയായിരുന്നു പെട്രോമാക്സുകള്‍ വാടകക്ക് നല്‍കിയിരുന്നത്. അയാള്‍ വിസമ്മതിച്ചപ്പോള്‍ നാട്ടുകാര്‍ വെളിച്ചം പകരാന്‍ ഒരു വഴി കണ്ടത്തെി. ഉണങ്ങിയ ഓലയുടെ ആയിരത്തോളം ചൂട്ടുകറ്റകള്‍ കെട്ടിയുണ്ടാക്കി അവര്‍ കൈകളില്‍ ഏന്തി. ആ പൊന്‍വെളിച്ചത്തില്‍ അവര്‍ എന്‍െറ കഴുത്തില്‍ ചുവപ്പുമാലകളണിഞ്ഞു’’ -ഗൗരിയമ്മയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ അറുപതിന്‍െറ ചെറുപ്പം.
‘‘പലയിടത്തും എനിക്ക് സ്വീകരണം കിട്ടിയിട്ടുണ്ടെങ്കിലും മലബാറിലെ സ്വീകരണം ഞാനൊരിക്കലും മറക്കില്ല. കോണ്‍ഗ്രസുകാരും ലീഗുകാരും കരിങ്കൊടി കാണിക്കാന്‍ നിരന്നുനിന്നു. പക്ഷേ, അവരെയൊന്നും വകവെക്കാതെ അവിടുത്തെ ആയിരക്കണക്കിനു സ്ത്രീകള്‍ എന്നെ സ്വീകരിക്കാനത്തെി. ’54ല്‍ സ്വന്തമായി ഒരു സെക്കന്‍ഡ് ഹാന്‍ഡ് അംബാസിഡര്‍ കാര്‍ വാങ്ങിയിരുന്നു. 4500 രൂപയായിരുന്നു അന്ന് വില. എന്നാല്‍, ചേര്‍ത്തലക്കാരനായ കയര്‍ ഫാക്ടറി ഉടമസ്ഥന്‍ അബ്ദുല്‍ ഖാദര്‍ വിട്ടുതന്ന കാറിലാണ് ആദ്യമായി നിയമസഭയിലേക്ക് പോയത്.
മന്ത്രിയായതിന്‍െറ പ്രത്യേക സന്തോഷമൊന്നും അന്ന് തോന്നിയില്ല. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ മാറ്റാന്‍ ഒരു മാര്‍ഗമായതിന്‍െറ സംതൃപ്തിയുണ്ടായി. പാര്‍ട്ടി നല്‍കിയ ചുമതലകള്‍ ഭംഗിയായി നിറവേറ്റി. അധികാരം ഏറ്റ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത് അതിന്‍െറ ഭാഗമാണ്. കേരളം ഏറെ പ്രതീക്ഷയോടെ കണ്ട കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്.
കേരളപ്പിറവിയുടെ അടുത്ത വര്‍ഷം തന്നെ ഐക്യകേരളത്തിന്‍െറ അമരക്കാരായി എത്തിയവര്‍ മോശക്കാരല്ളെന്ന് കാലം തെളിയിച്ചു. എല്ലാ വകുപ്പുകളും ഇഷ്ടമായിരുന്നെങ്കിലും റവന്യൂ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ഇഷ്ടം തോന്നി’’ -ഗൗരിയമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.