ബിവറേജസ് എല്‍.ഡി സാധ്യത പട്ടികയില്‍ 6000 പേര്‍; ഉദ്യോഗാര്‍ഥികളുടെ പരാതി  പരിശോധിക്കാന്‍ സമിതി

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ പരാതി പരിശോധിക്കാന്‍ പി.എസ്.സി ഉപസമിതിയെ നിയോഗിച്ചു. ഡോ. എന്‍. സെല്‍വരാജ്, അഡ്വ. വി.ടി. തോമസ്, പി. ശിവദാസന്‍, ടി.ടി. ഇസ്മാഈല്‍, അഡ്വ. ഇ. രവീന്ദ്രനാഥന്‍, പ്രഫ. ലോപ്പസ് മാത്യു, ആര്‍. പാര്‍വതീദേവി എന്നിവരാണ് സമിതി അംഗങ്ങള്‍. ബിവറേജസ് കോര്‍പറേഷനിലെ എല്‍.ഡി ക്ളര്‍ക്ക് തസ്തികയില്‍ 6000 പേരുടെ സാധ്യത പട്ടികക്ക് അംഗീകാരം നല്‍കി. മുഖ്യപട്ടികയില്‍ 3000 പേരെയും ബൈ ട്രാന്‍സ്ഫര്‍ വിഭാഗത്തില്‍ 40 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടിയവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി ഇതുവരെ നടത്തിയ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഈ തസ്തികയിലേക്കാണ്. 

ഓണ്‍ലൈന്‍ വഴി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാലാവധി 2017 മേയ് 31വരെ നീട്ടും. വകുപ്പ് തലവന്മാര്‍, ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് ഇ- റിപ്പോര്‍ട്ടായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പഴയ രീതിയിലാണ് ഇപ്പോള്‍ പലരും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ-വേക്കന്‍സി സോഫ്റ്റ്വെയറിലേക്ക് മാറാത്ത സാഹചര്യത്തില്‍ സമയം നീട്ടാനും വിഷയം വകുപ്പ് തലവന്മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും തീരുമാനിച്ചു. അപ്പെക്സ് സൊസൈറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് എംപ്ളോയീസ് തസ്തികയിലേക്ക് പൊതുവിഭാഗത്തില്‍ 300 പേരെയും സൊസൈറ്റി ക്വോട്ടയില്‍ യോഗ്യതയുള്ളവരെയും ഉള്‍പ്പെടുത്തി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനീയറിങ് കമ്പനിയിലെ സ്റ്റെനോഗ്രാഫര്‍ (പട്ടികജാതി - പട്ടിക വര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ഡിക്റ്റേഷന്‍ ടെസ്റ്റിന് മുന്നോടിയായി 25 പേരെ ഉള്‍പ്പെടുത്തി സാധ്യത പട്ടിക പ്രസിദ്ധീകരിക്കും.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്സ് തസ്തികയുടെ സ്പെഷല്‍ റൂള്‍സ് നിലവില്‍ വരുന്നതിനുമുമ്പ് ഉദ്ഭവിച്ച പെന്‍ഡിങ് ടേണ്‍സ് ആരോഗ്യവകുപ്പിലെ റാങ്ക് പട്ടികയില്‍നിന്ന് നികത്തും.

വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ തസ്തികയിലെ ബൈ ട്രാന്‍സഫര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഒഴിവ് നേരിട്ടുള്ള നിയമനത്തിലുള്ള റാങ്ക് പട്ടികയില്‍നിന്ന് നികത്തും. ഭാവിയില്‍ രണ്ട് കാറ്റഗറിയും ഒരുമിച്ച് വിജ്ഞാപനം ചെയ്യുകയും ഒരുമിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഇറിഗേഷന്‍/പി.ഡബ്ള്യു.ഡി വകുപ്പുകളില്‍ ഓവര്‍സിയര്‍ ഗ്രേഡ് -3 (സിവില്‍) ഭിന്നശേഷിക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം, ഇറിഗേഷന്‍, പി.ഡബ്ള്യു.ഡിയില്‍ ഓവര്‍സിയര്‍ ഗ്രേഡ്1/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്1 (സിവില്‍) (ഭിന്നശേഷിക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം) പി.ഡബ്ള്യു.ഡി/ ഇറിഗേഷന്‍ വകുപ്പുകളില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍) എന്‍.സി.എ-ഒ.ബി.സി തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. താഴെപ്പറയുന്ന തസ്തികകളിലേക്ക് ഇന്‍റര്‍വ്യൂ മാത്രം നടത്താന്‍ തീരുമാനിച്ചു.

കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (എന്‍.സി.എ-എസ്.സി) ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എച്ച്.എസ്.ടി ജൂനിയര്‍ ഹിന്ദി (പട്ടികവര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം) വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ കെമിസ്ട്രി മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍നിന്ന് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.

Tags:    
News Summary - kerala psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.