തിരുവനന്തപുരം: ഗവർണർക്ക് ഭരണഘടന പദവി മതിയെന്നും സ്റ്റാറ്റ്യൂട്ടറി പദവി വേണ്ടെന്നും കേന്ദ്രത്തെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ജ. പൂഞ്ചി കമീഷന്റെ റിപ്പോർട്ടിൽ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സംസ്ഥാനം നിലപാടറിയിക്കുന്നത്. കേന്ദ്രം പൂഞ്ചി കമീഷൻ റിപ്പോർട്ടിലെ 116 നിർദേശങ്ങളിലെ പ്രതികരണമാണ് സംസ്ഥാനത്തോട് ആരാഞ്ഞത്. നിയമ സെക്രട്ടറിയുടെ റിപ്പോർട്ടാണ് മന്ത്രിസഭയിൽ വന്നത്. സർവകലാശാലകളുടെ ചാൻസലർ പദവിയിൽ ഗവർണർ വേണ്ടെന്നാണ് നിലപാട്. ഉന്നത ഭരണഘടന പദവിയെന്ന നിലയിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കുന്ന കീഴ്വഴക്കമാനുള്ളത്. ഇതിന് പകരം സജീവ രാഷ്ട്രീയത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആളെ ചാൻസലർ പദവിയിൽ നിയമിക്കാം.
ഒരു സംസ്ഥാനത്തുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് രാജ്യസഭയിൽ എത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കില്ല. ഗവർണർ നിയമനത്തിൽ സംസ്ഥാന സർക്കാർ അഭിപ്രായം ആരായണം. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് സമയ പരിധി വേണം. നിലവിൽ കഴിയുന്നത്ര നേരത്തെ എന്നേ പറയുന്നുള്ളൂ. ബില്ലുകൾ അംഗീകരിക്കുകയോ പുനഃപരിശോധനക്ക് അയക്കുകയോ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയോ ആണ് ഗവർണർ ചെയ്യുക. ഗവർണറെ മറ്റ് നിയമപരമായ ചുമതലകൾ ഏൽപിക്കണമോയെന്നത് സംസ്ഥാനങ്ങളുടെ നിയമപരമായ തീരുമാനമാണ്. മറ്റ് ചുമതലകൾ ഏൽപിക്കണമെന്ന് നിയമപരമായി നിർബന്ധമില്ലെന്നും സംസ്ഥാനം അറിയിക്കും. രാഷ്ട്രപതിക്ക് ഡിലിറ്റ്, വൈസ് ചാർസലർ നിയമനം തുടങ്ങി നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാറും തമ്മിൽ കടുത്ത ഭിന്നതയുടെ സാഹചര്യത്തിൽ കൂടിയാണ് ഈ ശിപാർശകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.