കൊല്ലം: ഹർഷാരവങ്ങൾക്കു മുന്നിൽ സ്നേഹപ്രഭ നിറഞ്ഞാടുമ്പോൾ സദസ്സിന്റെ കോണിൽ സന്തോഷക്കണ്ണീർ പൊഴിച്ച് ബാബുവും സവിതകുമാരിയും നിൽപുണ്ടായിരുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് വയനാട്ടിലെ കുടിലിൽനിന്ന് സംസ്ഥാന കലോത്സവത്തിലെ മോഹിനിയാട്ട വേദി വരെ മകളുമായി അവർ താണ്ടിയ ദൂരം സഹനം നിറഞ്ഞതാണ്. കുടുംബശ്രീയിൽനിന്നെടുത്ത വായ്പ മുതൽ സുഹൃത്തുക്കൾ കൊടുത്ത ചെറിയ സ്നേഹത്തുട്ടുകൾ വരെ സ്വരൂക്കൂട്ടിയാണ് അവർ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.
എസ് വിദ്യാർഥിനിയായ മകളുമായി കൊല്ലത്തേക്ക് വണ്ടികയറിയത്. കൽപറ്റ വെങ്ങപ്പള്ളിയിൽ കൂലിപ്പണിക്കാരനാണ് ബാബു. സവിത അംഗൻവാടി വർക്കറും. എച്ച്.എസ് വിഭാഗം മോഹിനിയാട്ട വേദി വിട്ടിറങ്ങുമ്പോൾ, കൈപിടിച്ചുയർത്തിയ അധ്യാപകനടക്കം കരുണ വറ്റാത്ത ഒരുപിടി മനുഷ്യരോട് നന്ദി പറയുകയാണ് ഈ മാതാപിതാക്കൾ. 35,000 ത്തോളം രൂപ നൃത്തം അഭ്യസിക്കാൻ ചെലവുണ്ടായിരുന്നു. പണമില്ലാത്തതിനെത്തുടർന്ന് പഠനം നിർത്തുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അധ്യാപകൻ കലാമണ്ഡലം രഞ്ജിത്ത് തടഞ്ഞു.
ചെറുപ്രായത്തിലേ മകളെ ബാബു നൃത്തം അഭ്യസിപ്പിക്കാൻ ചേർത്തിരുന്നു. വാടക വീട്ടിലായിരുന്നു അക്കാലത്തൊക്കെ കുടുംബത്തിന്റെ താമസം. പിന്നീട്, സവിതകുമാരിയുടെ മാതാവ് വീട്ടുജോലിക്കും മറ്റും പോയി കൂട്ടിവെച്ച തുകയും കൈയിലുണ്ടായിരുന്ന അൽപം സ്വർണവും മറ്റെല്ലാ സമ്പാദ്യങ്ങളും കൂട്ടിച്ചേർത്ത് ഏഴ് സെൻറ് സ്ഥലം വാങ്ങി. ഒരാളെ സഹായിയായി കൂട്ടി ബാബു തന്നെ കഴിയുംപോലെ അവിടൊരു കൊച്ചുവീടും പണിതു. മതിയായ അടച്ചുറപ്പില്ലാത്ത ആ വീട്ടിലാണ് ഇപ്പോൾ സ്നേഹപ്രഭയും മാതാപിതാക്കളും സഹോദരൻ അബിൻകൃഷ്ണയും താമസം. ബാബുവിന്റെയും സവിതകുമാരിയുടെയും വയോധികരായ അമ്മമാരും ഇവർക്കൊപ്പമുണ്ട്. നല്ലൊരു വീടെന്ന സ്വപ്നം ബാക്കി നിൽക്കുമ്പോഴും കലയെയും മോളുടെ കഴിവിനെയും ചേർത്തു പിടിച്ചിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.