കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ആദ്യ കേരള സ്കൂൾ കായികമേളക്ക് തിങ്കളാഴ്ച എറണാകുളത്ത് തുടക്കമാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. സാംസ്കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ പി.ആർ. ശ്രീജേഷും ചേർന്ന് ദീപശിഖ തെളിക്കുന്നതോടെ മേളക്ക് ഔപചാരിക തുടക്കമാകും. 3500 വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ആലുവ മുതൽ ഫോർട്ട്കൊച്ചി വരെയുള്ള 32 സ്കൂളുകളിൽനിന്നുള്ള 4,000 വിദ്യാർഥികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയുമുണ്ടാകും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. പിന്നീട് കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീനും ഫ്ലവർ ഗേൾസും മാർച്ച് ചെയ്യും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നേവൽ എൻ.സി.സി കാഡറ്റുകളുടെ ട്വന്റി ഫോർ കൊച്ചി ഫോർമേഷനും നടക്കും. തുടർന്ന് ആയിരം പേരുടെ മാസ് ഡ്രിൽ. പിന്നാലെ ആയിരം പേർ അണിനിരക്കുന്ന സൂമ്പ. അതിനുശേഷം ആയിരം പേർ അണിനിരക്കുന്ന ഫ്രീ ഹാൻഡ് എക്സർസൈസ്. തുടർന്ന് ക്യൂൻ ഓഫ് അറേബ്യൻ സി സാംസ്കാരിക പരിപാടി അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായി കലാപരിപാടിയും അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിൽ എത്തുന്ന വിളംബരജാഥക്ക് ഉദ്ഘാടന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സ്വീകരണം ഒരുക്കും. മത്സരങ്ങൾ ആരംഭിക്കുന്ന ചൊവ്വാഴ്ച അത്ലറ്റിക്സ്, അത്ലറ്റിക്സ് (ഇൻക്ലൂസിവ്), ബാഡ്മിന്റൺ, ഫുട്ബാൾ, ത്രോബാൾ തുടങ്ങി ഇരുപതോളം ഇനങ്ങൾ ഉണ്ടാകും.
അവസരങ്ങളും പ്രോത്സാഹനവുമാണ് മികച്ച പ്രതിഭകളെ സൃഷ്ടിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിനുള്ള വേദിയാണ് കേരള സ്കൂൾ കായിക മേളയിലൂടെ ഒരുക്കുന്നത്. വിജയികൾക്ക് സമ്മാനത്തുക, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവക്കൊപ്പം കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫിയും സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികളെ ഒലിവ് ഇല കിരീടം അണിയിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മേയർ എം. അനിൽ കുമാർ, ശ്രീനിജിൻ എം.എൽ.എ, ടി.ജെ. വിനോദ് എം.എൽ.എ, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ പങ്കെടുത്തു.
റീജനൽ സ്പോർട്സ് സെൻറർ കടവന്ത്ര, ജി.എച്ച്.എസ്.എസ് പനമ്പിള്ളിനഗർ, വെളി ഗ്രൗണ്ട് ഫോർട്ട്കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട്കൊച്ചി, കണ്ടെയ്നർ റോഡ്, മഹാരാജാസ് കോളജ് സ്റ്റേഡിയം, സെന്റ് പീറ്റേഴ്സ് കോളജ്, സെന്റ് പീറ്റേഴ്സ് വി.എച്ച്.എസ്.എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് തേവര, എം.ജി.എം.എച്ച്.എസ്.എസ് പുത്തൻകുരിശ്, ജി.ബി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്റ്റേഡിയം തോപ്പുംപടി, ജി.എച്ച്.എസ്.എസ് കടയിരിപ്പ്, മുനിസിപ്പൽ ടൗൺഹാൾ കളമശ്ശേരി, എറണാകുളം ടൗൺഹാൾ, സെന്റ് പോൾസ് കോളജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എം.എ കോളജ് കോതമംഗലം എന്നിവിടങ്ങളിലാണ് വേദികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.