കേളകം: പുനർ മൂല്യനിർണയത്തിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച് നാടിനും സ്കൂളിനും അഭിമാനമായി അനുഷ അനീഷ്. വളയംചാൽ ആദിവാസി കോളനിയിലെ അനീഷ് - ഉഷ ദമ്പതികളുടെ മകളാണ് അനുഷ. കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ 184 വിദ്യാർഥികളായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 183 കുട്ടികളും വിജയിച്ചപ്പോൾ അനുഷ മാത്രമായിരുന്നു തുടർ പഠനത്തിന് അർഹത നേടാതിരുന്നത്.
ബയോളജിക്കായിരുന്നു അനുഷ തോറ്റത്. ഇതോടെ 100 ശതമാനം വിജയം എന്ന സ്കൂളിെൻറ നേട്ടവും നഷ്ടമായി. താരതമ്യേന വിഷമമേറിയ വിഷയങ്ങൾക്കെല്ലാം അനുഷ വിജയിച്ചതും തോൽക്കില്ലെന്ന അനുഷയുടെ ആത്മവിശ്വാസവും അധ്യാപകർക്ക് പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാൻ പ്രചോദനമായി. ഒടുവിൽ അധ്യാപകർ തന്നെ പണം സ്വരൂപിച്ചാണ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രതീക്ഷ തെറ്റിക്കാതെ ആയിരുന്നു അനുഷയുടെ വിജയം.
പുനർ മൂല്യനിർണയത്തിലൂടെ ബയോളജിക്ക് വിജയിച്ച അനുഷ സ്വന്തം വിജയത്തോടൊപ്പം തന്നെ സ്കൂളിന് 100 ശതമാനം വിജയം നേടിക്കൊടുത്തതിെൻറ ആഹ്ലാദത്തിലാണ്.
തോറ്റപ്പോൾ വിഷമം തോന്നിയെന്നും പുനർ മൂല്യനിർണയത്തിലൂടെ വിജയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അനുഷ പറഞ്ഞു. സമീപ സ്കൂളുകളെ അപേക്ഷിച്ച് ഏറ്റവുമധികം എസ്.സി, എസ്.ടി കുട്ടികളെ പരീക്ഷക്കിരുത്തുന്ന സ്ഥാപനമാണ് കേളകം ഹൈസ്കൂളെന്നും ഈ വർഷം 24 കുട്ടികളാണ് ഈ വിഭാഗത്തിൽ നിന്നും പരീക്ഷയെഴുതിയതെന്നും അനുഷയുടെ വിജയത്തോടെ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനാധ്യാപകൻ എം.വി. മാത്യു, മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര, മുൻ ഹെഡ്മാസ്റ്റർ പി.പി. വ്യാസ്ഷാ, പി.ടി.എ പ്രസിഡൻറ് എസ്.ടി. രാജേന്ദ്രൻ എന്നിവർ കേളകത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.