സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ കേരളവും നിയമനിർമാണത്തിലേക്ക്

തിരുവനന്തപുരം: ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര മാതൃകയിൽ കേരളത്തിലും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമ നിർമാണം നടത്താൻ സർക്കാർ നടപടികൾ ആരംഭിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമനിർമാണം സംബന്ധിച്ച വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറി (ആഭ്യന്തരം), സെക്രട്ടറി (നിയമവകുപ്പ്), മുൻ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് (സീനിയർ ലീഗൽ കൗൺസിൽ) എന്നിവരടങ്ങിയ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയെ അറിയിച്ചു.

റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ തുടർ നടപടികൾ പരിശോധിക്കുകയുള്ളൂ. നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടിക്കൊപ്പം നൽകിയ രേഖകൾ പ്രകാരം ആഭ്യന്തര വകുപ്പ് 2021 ആഗസ്റ്റ് 26 ന് തന്നെ ഇത് സംബന്ധിച്ച ഫയൽ നടപടികൾ മുന്നോട്ട് കൊണ്ടുപോയതായി വ്യക്തമാവും. ചീഫ് സെക്രട്ടറി ഉൾപെട്ട സമിതി രൂപീകരിച്ച് 2021 സെപ്റ്റംബർ മൂന്നിനാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്‍റേതാണ് ഉത്തരവ്. പ്രതിപക്ഷത്ത് നിന്നുള്ള കെ.കെ. രമ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ നിയമത്തെ കുറിച്ച് പ്രതിപക്ഷം ആശങ്ക ഉയർത്തിയതോടെ പൗരാവകാശ ധ്വംസനം സംബന്ധിച്ച് ഒരു നിയമവും കേരളത്തിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 



എന്നാൽ, സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നത് സംബന്ധിച്ച് നിയമവകുപ്പിന്‍റെ ഉപദേശം തേടിയിട്ടുണ്ടെന്ന് നിയമമന്ത്രി പി. രാജീവും ചൊവ്വാഴ്ച നിയമസഭയിൽ വ്യക്തമാക്കി. 'കരട് നിയമത്തിൻമേൽ നയപരമായ തീരുമാനം കൈക്കൊണ്ട് ഫയൽ ലഭ്യമാക്കിയിട്ടില്ലാത്തതിനാൽ കരടിലെ വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാറിന്‍റെ റൂൾസ് ഒാഫ് ബിസിനസിലെ 45 ാം ചട്ട പ്രകാരം പരിശോധന നിയമ വകുപ്പ് നടത്തിയിട്ടില്ലെ'ന്നും അദ്ദേഹം പറഞ്ഞു. ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ്, എം. വിൻസെൻറ്, ടി.ജെ. വിനോദ് എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി

മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി തുടങ്ങിയവയാണ് സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരെ നിയമം നടപ്പാക്കിയിട്ടുള്ള പ്രധാന സംസ്ഥാനങ്ങൾ. ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകുകയും മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നതാണ് മിക്ക സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുള്ള ഇൗ ഭീകര നിയമങ്ങൾ. ആരോപണ വിധേയരുടെ സ്വത്തുകൾ കണ്ടുകെട്ടാനും വ്യക്തികളെ നിരീക്ഷിക്കാനും കുറ്റങ്ങൾക്ക് വധശിക്ഷ വരെ ശിപാർശ ചെയ്യുന്നതുമാണ് ഇൗ നിയമങ്ങൾ.



Tags:    
News Summary - Kerala to legislate to curb organized crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.