തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ കണ്ണ് തുറക്കാനുറപ്പിച്ച് കേരള സർവകലാശാല. പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിൽ സംശയമുയർന്നാൽ കോളജുകൾ ഉടൻ സർവകലാശാലയിലേക്ക് അയക്കണമെന്ന് കേരള സർവകലാശാല വി.സി ഡോ. മോഹൻകുന്നുമ്മൽ നിർദേശം നൽകി.
ഒന്നാം വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് വി.സി നിർദേശം നൽകിയത്. കായംകുളം എം.എസ്.എം കോളജിൽ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ സംഭവം പുറത്തുവന്ന സാഹചര്യത്തിലാണിത്.
കോളജുകൾ അയച്ചുനൽകുന്ന സംശയമുള്ള സർട്ടിഫിക്കറ്റുകളുടെ സാധുത സർവകലാശാല സംവിധാനമുപയോഗിച്ച് പരിശോധിക്കും. ഓരോ വിദ്യാർഥിയുടെയും പ്രവേശനത്തിന് കോളജ് പ്രിൻസിപ്പൽ വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്ന് വി.സി പറഞ്ഞു. പ്രവേശനവും രേഖകൾ പരിശോധിക്കുന്നതിനും പ്രിൻസിപ്പലിന് കോളജ് തലത്തിൽ ടീമിനെ ചുമതലപ്പെടുത്താമെന്നും വി.സി നിർദേശിച്ചു.
ഈ വർഷം മുതൽ വിദ്യാർഥി പ്രവേശനം പൂർത്തിയാകുന്ന ഘട്ടത്തിൽ പ്രിൻസിപ്പൽമാർ സത്യവാങ്മൂലം നൽകണമെന്നും വി.സി അറിയിച്ചു. വിദ്യാർഥി പ്രവേശനത്തിന്റെ ഉത്തരവാദിത്തം വ്യക്തമാക്കിയായിരിക്കണം സത്യവാങ്മൂലം നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.