തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച് കത്ത് നല്‍കിയതിനോടുള്ള ഗവര്‍ണറുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കേരള സര്‍വകലാശാല വി.സി. മനസ്സ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്ന് വൈസ് ചാന്‍സലര്‍ വി.പി. മഹാദേവന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു.
ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോള്‍ കൈവിറച്ചുപോകുന്ന സാധാരണത്വം ഒരു കുറവായി ഞാന്‍ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ പരമാവധി ശ്രമിക്കാറുണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ല -വി.സിയുടെ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ, രാഷട്രപതിക്ക് ഡി-ലിറ്റ് നല്‍കാനുള്ള തന്റെ ശിപാര്‍ശ കേരള സര്‍വകലാശാല വി.സി തള്ളിയെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്‌തെന്നും ഗവര്‍ണറുടെ നിര്‍ദേശം അവര്‍ നിരസിച്ചെന്നും വ്യക്തമാക്കി സ്വന്തം കൈപ്പടയില്‍ വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്തുവന്നിരുന്നു. ഈ എഴുത്തിലെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് വി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.