2025 നവംബറിന് മുമ്പ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: 2025 നവംബര്‍ ഒന്നിനു മുന്‍പ് കേരളത്തെ അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2023, 2024 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരിക്കുന്ന എണ്ണം കൈവരിക്കുന്നതോടെ അതിദരിദ്രരായ 93 ശതമാനം പേരെയും അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണവും പ്രശ്‌ന പരിഹാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ നാലുമേഖലകളില്‍ അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ 26, 29 ഒക്ടോബര്‍ 3, 5 തിയതികളില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ചേരുകയാണ്. മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുക്കുന്ന യോഗങ്ങളില്‍ ആദ്യ യോഗമാണ് ഇന്നലെ നടന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യ നിർമാര്‍ജനം, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരള മിഷന്‍ എന്നീ മിഷനുകള്‍, ദേശീയപാത, മലയോര ഹൈവേ, തീരദേശപാത എന്നിവയടക്കം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍, കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലഗതാഗതം, മാലിന്യമുക്തകേരളം എന്നിവയാണ് ഈ യോഗങ്ങളില്‍ പൊതുവായി അവലോകനം ചെയ്ത് വേണ്ട തീരുമാനങ്ങളില്‍ എത്തുന്നത്.

ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്‌നങ്ങളാണ് മറ്റൊരു പരിഗണനാവിഷയം. വികസനവുമായി ബന്ധപ്പെട്ട് ജില്ലകളില്‍ തടസ്സപ്പെട്ട് കിടക്കുന്നവയോ പുരോഗതിയില്ലാത്തതോ ആയ വിവിധ പദ്ധതികളും ചര്‍ച്ചചെയ്യുന്നുണ്ട്.

മേഖലാ അവലോകന യോഗങ്ങളിലേക്കായി 14 ജില്ലകളില്‍ കണ്ടെത്തിയ, 265 വിഷയങ്ങളില്‍ 241 എണ്ണം ജില്ലാതലത്തില്‍ തന്നെ പരിഹാരം കണ്ടു. സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ടതായി 703 വിഷയങ്ങളാണ് വന്നത്. തിരുവനന്തപുരത്ത് നടന്ന മേഖലാ അവലോകന യോഗത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിഷയങ്ങളാണ് പരിഗണിച്ചത്.

സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളവ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള 'മനസ്സോടിത്തിരി മണ്ണ്' ക്യാംപെയിന്‍ തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Kerala will be free from extreme poverty before November 2025 - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.