ഹൈദരാബാദിൽ നടന്ന നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

'നിക്ഷേപകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ കേരളം നൽകും'; തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഹൈദരാബാദ്: രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ച് തെലങ്കാനയിലെ വ്യവസായപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽ ആയിരുന്നു ഇൻവെസ്റ്റ്‌മെൻറ് റോഡ് ഷോ എന്ന പേരിൽ നിക്ഷേപക സംഗമം നടന്നത്.

സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ ഘടകങ്ങൾ കേരളത്തിനുണ്ട്.

സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൽ നിക്ഷേപകരെ ആകർഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തി​ന്‍റെ ലക്ഷ്യം. നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും സർക്കാർ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തി​ന്‍റെ വികസന സ്വപ്നങ്ങളിൽ പങ്കുചേരാനും സമഗ്രവും സർവതല സ്പർശിയുമായ പുരോഗതി കൈവരിക്കാനുള്ള നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉൾച്ചേർന്ന വികസന പ്രവർത്തനത്തിനു കരുത്തു പകരാനും മുഖ്യമന്ത്രി വ്യവസായികളെ സ്വാഗതം ചെയ്തു.

കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

കേരളത്തിലെ വികസന പ്രവർത്തനങ്ങളെ അയോദ്ധ്യ രാമി റെഡ്ഡി എം.പി പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ കീഴിൽ കേരളം വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്നും ലൈഫ് മിഷൻ ഉൾപ്പെടെയുള്ള മിഷനുകൾ ചൂണ്ടിക്കാട്ടി രാമ റെഡ്ഡി പറഞ്ഞു. പിണറായി വിജയ​ന്‍റെ കീഴിൽ കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ നിക്ഷേപ സാധ്യതകൾ യോഗത്തിൽ അവതരിപ്പിച്ചു. ബയോ-ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ഫാർമ തുടങ്ങിയ മേഖലകളിലും വളർന്നുവരുന്ന ഇതര മേഖലകളിലും സംസ്ഥാനത്തി​ന്‍റെ നിക്ഷേപ സാധ്യതകളാണ് സംരംഭകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

സംസ്ഥാനം ഏറ്റെടുത്ത നിയമനിർമാണ പരിഷ്‌കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, നടപടിക്രമങ്ങളുടെ ലഘൂകരണം, വ്യാവസായിക അടിസ്ഥാന സൗകര്യ സൗകര്യങ്ങൾ എന്നിവയും വിശദീകരിച്ചു. കേരളത്തി​ന്‍റെ നിക്ഷേപക സൗഹൃദാന്തരീക്ഷത്തെ വ്യവസായികൾ സ്വാഗതം ചെയ്തു.

സി.ഐ.ഐ, ക്രെഡായ് അംഗങ്ങൾ, ഐ.ടി വ്യവസായം, ഫാർമ വ്യവസായം തുടങ്ങി അമ്പതോളം പ്രമുഖ കമ്പനികളുടെ സാരഥികളും ഇതര നിക്ഷേപകരും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ തുടങ്ങിയവരും സംസാരിച്ചു.

Tags:    
News Summary - ‘Kerala will provide the best facilities for investors’; CM meets Telangana business leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.