തിരുവനന്തപുരം: കേരളത്തിന്റെ അതിജീവനവഴികളെയും നേട്ടങ്ങളെയും ചരിത്ര അടയാളപ്പെടുത്തലുകളെയും അവതരിപ്പിക്കുന്ന കേരളീയം മഹോത്സവത്തിന് ബുധനാഴ്ച തലസ്ഥാനത്ത് തിരിതെളിയും.
പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യു.എ.ഇ അംബാസഡർ അബ്ദുൽ നാസർ ജമാൽ അൽശാലി, ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രസിഡന്റ് മലേന റോജാസ് മെദീന, നോർവേ അംബാസഡർ മെയ് എലൻ സ്റ്റെനർ, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ എം.എ. യൂസുഫലി, രവി പിള്ള, ഡോ. എം.വി. പിള്ള തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. മുഴുവൻ മന്ത്രിമാരും അണിനിരക്കുന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സിനിമതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജുവാര്യർ എന്നിവരും ചടങ്ങിനെത്തും. നവംബർ ഒന്നുമുതൽ ഏഴുവരെ കവടിയാര്‍മുതല്‍ കിഴക്കേകോട്ടവരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. ഒരു ദിവസം അഞ്ച് സെമിനാർ എന്ന ക്രമത്തിൽ 25 സെമിനാറുകളാണ് നവംബർ രണ്ട് മുതൽ ആറുവരെ നടക്കുക. ഓണ്‍ലൈന്‍ - ഓഫ്ലൈൻ രീതികള്‍ സംയോജിപ്പിച്ചു നടത്തുന്ന സെമിനാറുകളിലായി ഇരുന്നൂറിലധികം ദേശീയ-അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ കലാപരിപാടികള്‍ അരങ്ങേറും. 30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും.
കിഴക്കേകോട്ട മുതല്‍ കവടിയാര്‍വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവത്കരിക്കുന്ന 25 പ്രദര്‍ശനങ്ങളുമുണ്ടാകും. ഇതിന് പുറമേ കനകക്കുന്ന്, ടാഗോര്‍ തിയറ്റര്‍, യൂനിവേഴ്സിറ്റി കോളജ്, അയ്യന്‍കാളി ഹാള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം എന്നീ എട്ടുവേദികളിലായി പ്രധാന പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.
മാനവീയം വീഥി മുതല്‍ കിഴക്കേകോട്ടവരെ 11 വേദികളിലായി ഭക്ഷ്യോത്സവം നടക്കും. തട്ടുകടമുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
കവടിയാര്‍മുതല്‍ കിഴക്കേകോട്ടവരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യുത ദീപാലങ്കാരം.
പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യൻകാളി ഹാള്‍, എല്‍.എം.എസ് കോമ്പൗണ്ട്, ജവഹര്‍ ബാലഭവന് എന്നിങ്ങനെ ആറുവേദികളിലായി പുഷ്പോത്സവവും നടക്കും. കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക തീർക്കാനുള്ള ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ രണ്ടാംഘട്ട കാമ്പയിൻ ബുധനാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ.
ഈ മാസം 30 വരെയാണ് കാമ്പയിൻ. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇപ്രകാരം അടച്ചുതീർക്കാനാകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.