തിരുവനന്തപുരം: ‘എല്ലാവർക്കും ഇൻറർനെറ്റ്’ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെ-ഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിൽ 18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇൻറർനെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമിതിക്കായുള്ള പരിശ്രമത്തിന് അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ-ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെ ഇടതുസർക്കാറിന്റെ ജനകീയ ബദൽ കൂടിയാണ്. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
കെ-ഫോൺ പദ്ധതിക്ക് അടിസ്ഥാനസൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ കാറ്റഗറി ബി യൂനിഫൈഡ് ലൈസൻസും നേരേത്ത ലഭ്യമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.