കോഴിക്കോട്: വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്നാരോപിച്ച് കിഫ്ബിയെ വേട്ടയാടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ ശ്രമത്തെ പരസ്യമായി പ്രതിരോധിക്കാനിറങ്ങി സംസ്ഥാന സർക്കാർ. കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രംജിത് സിംഗ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഇ.ഡിക്ക് വഴങ്ങില്ലെന്ന് പറഞ്ഞ മന്ത്രി തോമസ് ഐസക്കിന്‍റെ നടപടിയുടെ തുടർച്ചയായാണിത് വിലയിരുത്തുന്നത്. രാഷ്ട്രീയ പ്രേരിതമായ നടപടിയിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ഇ.ഡിക്ക് കിഫ്ബി കത്ത് അയച്ചതോടെ കേന്ദ്രവും കേരളവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് തുടക്കം കുറിച്ചത്.
തോമസ് ഐസക് വാർത്താസേമ്മളനത്തിൽ നിര്‍മല സീതാരാമൻ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്ന് ഇന്നലെ ആരോപിച്ചിരുന്നു. രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇ.ഡിയുടെ നീക്കമെന്നാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ പറയുന്നത്.
കിഫ്ബിയെക്കുറിച്ച് അറിയാത്ത ഉദ്യോഗസ്ഥരാണ് എന്ഫോഴ്സ്മെന്റിലുള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനത്തിന് കേന്ദ്രമന്ത്രി തന്നെ നേതൃത്വംകൊടുക്കുകയാണെന്നും തോമസ് ഐസക്ക് ആരോപിച്ചിരുന്നു. കേരള സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥരാണ് കിഫ്ബിയിലുള്ളത്. മന്ത്രി സഭയുടെ തീരുമാനം നടപ്പാക്കുന്നവരാണ് അവർ. ഇ.ഡിക്ക് വിവരം അന്വേഷിക്കാം,കാര്യങ്ങൾ ആരായാം. അതിന് പകരം ഭീഷണിപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കിൽ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് അല്ല കേരളം ഭരിക്കുന്നതെന്നോർക്കണം. ഇവിടെ നിയമപാലനത്തിന് പൊലീസുണ്ടെന്ന് ഓർക്കണമെന്നും ഐസക്ക് പറഞ്ഞിരുന്നു. സംസ്ഥാനവുമായി ഏറ്റുമുട്ടാനാണ് കേന്ദ്രത്തിന്‍റെ ഉദ്ദേശ്യമെങ്കിൽ പേടിച്ചൊന്നും പിൻമാറാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വെല്ലുവിളിച്ചിരുന്നു.
വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് കിഫ്‌ബി സി.ഇ.ഒ കെ.എം.എബ്രഹാം, ഡെപ്യൂട്ടി സി.ഇ.ഒ, ഡെപ്യൂട്ടി മാനേജർ വിക്രം ജിത്ത് സിങ്ങ് , കിഫ്ബിയുടെ ബാങ്കിങ്ങ് പാർട്ണറായ ആക്‌സിസ് ബാങ്ക് ഹോൾസെയിൽ മേധാവി ഉൾപ്പടെയുള്ളവരോട് മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയത്. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് നാളെ ഹാജരാകാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.