കോഴിക്കോട്: കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വടകരയിലെ ഇടത് സ്ഥാനാർഥി പി. ജയരാജനെതിരായ പരാമർശത്തിെൻറ പേരിലെടുത്ത കേസിൽ ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എയെ കോടതി കുറ്റവിമുക്തയാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് എടുത്ത കേസ് നടപടികൾ അവസാനിപ്പിച്ചുകൊണ്ട് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഫാത്തിമ ബീവിയാണ് ഉത്തരവിട്ടത്.
2019 മാർച്ച് 17ന് കോഴിക്കോട് ഹോട്ടൽ നളന്ദയിൽ വാർത്തസമ്മേളനത്തിൽ കെ.കെ. രമ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു കേസ്. കൊലയാളിയായ ആളെ പരാജയപ്പെടുത്താനാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണക്കുന്നതെന്ന രമയുടെ പരാമർശം പി. ജയരാജനെ പ്രതികൂലമായി ബാധിക്കുമെന്നുകാണിച്ച് കോടിയേരി, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഡി.ജി.പിക്ക് അഭിപ്രായമാരായാനും അയച്ചിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, രമക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിട്ടു.
പ്രോസിക്യൂഷൻ ആരോപണം നിലനിൽക്കില്ല എന്ന, രമക്കുവേണ്ടി ഹാജരായ അഡ്വ. പി. കുമാരൻകുട്ടിയുടെ വാദം അംഗീകരിച്ച് വിചാരണക്കുമുമ്പു തന്നെ ക്രിമിനൽ നടപടി 258ാം വകുപ്പ് പ്രകാരം നടപടികൾ അവസാനിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. നിയമാനുസരണം നാമനിർദേശ പത്രിക നൽകിയ സ്ഥാനാർഥിക്കെതിരെ പ്രസ്താവന നടത്തുമ്പോഴേ കുറ്റം നിലനിൽക്കുള്ളൂവെന്നും വാർത്തസമ്മേളനം നടത്തുേമ്പാൾ ജയരാജനെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചെങ്കിലും നിയമാനുസരണം പത്രിക നൽകിയിരുന്നില്ലെന്നുമുള്ള വാദമാണ് അംഗീകരിച്ചത്. പി. ജയരാജൻ, ഇതുസംബന്ധിച്ച് മാനനഷ്ടക്കേസ് നൽകുമെന്നുകാണിച്ച് വക്കീൽ നോട്ടീസ് അയച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. കേസെടുത്ത് ബുദ്ധിമുട്ടിച്ചതിനെതിരെ രമ നിയമനടപടിയെടുക്കുമെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.